- Trending Now:
കൊച്ചി: ആക്സിസ് ബാങ്കിൻറെ പൂർണ്ണ ഉടമസ്ഥതയിലുള്ള ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ആക്സിസ് ഫിനാൻസ് ലിമിറ്റഡ് 2250 കോടി രൂപയുടെ പ്രാഥമിക മൂലധന സമാഹരണം നടത്തുന്നു. പ്രമുഖ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ കേദാരാ ക്യാപിറ്റലിൽ നിന്ന് പ്രിഫറൻഷ്യൽ ഇഷ്യൂ വഴി സമാഹരിക്കുന്ന 750 കോടി രൂപയും, ആക്സിസ് ബാങ്കിൽ നിന്നുള്ള 1500 കോടി രൂപയുടെ റൈറ്റ്സ് ഇഷ്യൂവും ഇതിൽ ഉൾപ്പെടുന്നു.
ആക്സിസ് ഫിനാൻസിൻറെ ചരിത്രത്തിലെ ഏറ്റവും വലിയ മൂലധന സമാഹരണമാണിത്. ആദ്യമായാണ് പുറമെ നിന്നുള്ള നിക്ഷേപകനിൽ നിന്ന് കമ്പനി മൂലധനം സ്വീകരിക്കുന്നത്.
ഈ അധിക മൂലധനം കമ്പനിയുടെ ആസ്തി അടിത്തറ ശക്തിപ്പെടുത്തുകയും അടുത്ത ഘട്ടത്തിലുള്ള വളർച്ചയ്ക്ക് വേഗം പകരുകയും ചെയ്യും. സമാഹരണത്തിലൂടെ കമ്പനിയുടെ ടയർ-1 മൂലധനവും മൂലധന പര്യാപ്തത അനുപാതവും ഗണ്യമായി വർദ്ധിക്കും. റീട്ടെയിൽ, എംഎസ്എംഇ, ഹോൾസെയിൽ മേഖലകളിൽ കൂടുതൽ വായ്പകൾ നൽകാൻ ഇത് സഹായിക്കും.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ശക്തമായ ഭരണനിർവഹണവും അച്ചടക്കത്തോടെയുള്ള റിസ്ക് മാനേജ്മെൻറും അടിസ്ഥാനമാക്കി ഉയർന്ന നിലവാരമുള്ള വായ്പാ ശൃംഖല കെട്ടിപ്പടുക്കാൻ ആക്സിസ് ഫിനാൻസിന് സാധിച്ചിട്ടുണ്ട്. ആക്സിസ് ഗ്രൂപ്പിൻറെ അവിഭാജ്യ ഘടകമെന്ന നിലയിൽ ആക്സിസ് ഫിനാൻസിനെ ശക്തിപ്പെടുത്തുന്നതിനുള്ള തങ്ങളുടെ ദീർഘകാല പ്രതിജ്ഞാബദ്ധതയാണ് ഈ മൂലധന നിക്ഷേപം. രാജ്യത്തെ മുൻനിര ബാങ്കിംഗ് ഇതര വായ്പാ സ്ഥാപനമായി വളരുന്നതിനൊപ്പം സൂക്ഷ്മമായ സമീപനത്തോടെ സുസ്ഥിര വളർച്ച കൈവരിക്കാൻ ഇത് കമ്പനിയെ സജ്ജമാക്കുന്നു. ആക്സിസ് ഫിനാൻസ് അതിൻറെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ കേദാരാ ക്യാപിറ്റലിനെ ഒരു നിക്ഷേപകനായി സ്വാഗതം ചെയ്യുന്നതിൽ തങ്ങൾക്ക് വലിയ സന്തോഷമുണ്ടെന്ന് ആക്സിസ് ബാങ്ക് എംഡിയും സിഇഒയുമായ അമിതാഭ് ചൗധരി പറഞ്ഞു.
മൂലധന അടിത്തറയിലുണ്ടായ ഈ ഗണ്യമായ വർദ്ധനവ് ലക്ഷ്യബോധത്തോടെയും ജാഗ്രതയോടെയും വളർച്ച വേഗത്തിലാക്കാനുള്ള കരുത്ത് പകരുന്നു. കർശനമായ റിസ്ക് മാനേജ്മെൻറ് രീതികളിലും ദീർഘകാല ഉപഭോക്തൃ ബന്ധങ്ങളിലുമാണ് ആക്സിസ് ഫിനാൻസിനെ കെട്ടിപ്പടുത്തിട്ടുള്ളത്. ഇന്ത്യയിലെ വായ്പാ വിപണി വളർന്നുകൊണ്ടിരിക്കുമ്പോൾ ഉപഭോക്താക്കളുടെ പ്രത്യേക വായ്പാ ആവശ്യങ്ങൾ ഉത്തരവാദിത്തത്തോടെ നിറവേറ്റുന്നതിന് ഈ കരുത്തുറ്റ മൂലധന പിന്തുണ നിർണ്ണായകമാകും. ആക്സിസ് ബാങ്കിൻറെ തുടർച്ചയായ പിന്തുണയും കേദാരാ ക്യാപിറ്റൽ ഒരു നിക്ഷേപകനായി ചേരുന്നതിലൂടെ ബിസിനസ് വിപുലീകരിക്കാനും സാങ്കേതിക വിദ്യയിലും മനുഷ്യവിഭവശേഷിയിലും കൂടുതൽ നിക്ഷേപം നടത്താനും ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകാനും തങ്ങളെ കൂടുതൽ സജ്ജരാക്കുന്നുവെന്ന് ആക്സിസ് ഫിനാൻസ് എംഡിയും സിഇഒയുമായ സായ് ഗിരിധർ പറഞ്ഞു.
ഉയർന്ന നിലവാരമുള്ള വായ്പാ സ്ഥാപനത്തിൻറെ അടിസ്ഥാന ഘടകങ്ങളായ ശക്തമായ ഭരണനിർവഹണത്തിലും അച്ചടക്കത്തോടെയുള്ള റിസ്ക് മാനേജ്മെൻറിലും അധിഷ്ഠിതമായ സ്ഥിരതയാർന്ന പ്രവർത്തന മികവ് ആക്സിസ് ഫിനാൻസ് തെളിയിച്ചിട്ടുള്ളതാണ്. റീട്ടെയിൽ, എംഎസ്എംഇ, ഹോൾസെയിൽ വായ്പാ രംഗത്തെ കമ്പനിയുടെ വിപുലവും വൈവിധ്യമാർന്നതുമായ സാന്നിധ്യം രാജ്യത്തെ വായ്പാ വിപണിയിലുണ്ടാകുന്ന വലിയ വളർച്ചാ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കമ്പനിയെ പ്രാപ്തരാക്കുന്നു. വളർച്ചയുടെയും മൂല്യവർദ്ധനവിൻറെയും അടുത്ത ഘട്ടത്തിലേക്ക് കടക്കുന്ന ആക്സിസ് ഫിനാൻസിന് പൂർണ്ണ പിന്തുണ നൽകുന്നതിൽ സന്തോഷമുണ്ടെന്ന് കേദാരാ ക്യാപിറ്റൽ സ്ഥാപകനും മാനേജിംഗ് പാർട്ണറുമായ സുനിഷ് ശർമ്മ പറഞ്ഞു.
നിലവിൽ വ്യക്തിഗത വായ്പകൾ, ബിസിനസ് വായ്പകൾ, ഭവന വായ്പകൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന സാമ്പത്തിക സേവനങ്ങൾ ആക്സിസ് ഫിനാൻസ് നൽകിവരുന്നു. ഇതിനോടകം തന്നെ രാജ്യത്തെ മുൻനിര എംഎസ്എംഇ വായ്പാ ദാതാക്കളായി കമ്പനി മാറിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.