- Trending Now:
കൊച്ചി: കൊച്ചി -മുസിരിസ് ബിനാലെയിലെ ആറാം പതിപ്പിലെ വേദികളിലൊന്നായ ആസ്പിൻവാൾ ഹൗസിൽ ദുരന്തമുഖത്ത് മനുഷ്യർ നടത്തുന്ന സഹവർത്തിത്വത്തോടെയുള്ള അതിജീവനത്തിന്റെ ചലച്ചിത്ര പ്രതിഷ്ഠാപനം 'അലഖ്' ശ്രദ്ധയാകർഷിക്കുന്നതിനോടൊപ്പം കാഴ്ചക്കാരനെ ഇരുത്തി ചിന്തിപ്പിക്കുന്ന ഒന്നുമാണ്. ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദൃശ്യകലാകാരിയും ഫിലിം സ്കോളറുമായ പല്ലവി പോൾ ഒരുക്കിയിരിക്കുന്ന ഈ കലാസൃഷ്ടി മനുഷ്യരുടെ നിശ്ചയദാർഢ്യത്തെയും പ്രതികൂല സാഹചര്യങ്ങളോടുള്ള പൊരാട്ടത്തെയും അടയാളപ്പെടുത്താനാണ് ശ്രമിക്കുന്നത്.
ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ് പല്ലവി പോളിന്റെ 'അലഖ്' (Alaq) എന്ന ചലച്ചിത്ര പ്രതിഷ്ഠാപനം. മൂന്ന് സ്ക്രീനുകളിലായി വിരിയുന്ന ഈ കലാസൃഷ്ടി വെറുമൊരു കാഴ്ചയല്ല, മറിച്ച്
കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി വിയോഗം, ഓർമ്മകൾ, അതിജീവനം തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കലാകാരിയാണ് പല്ലവി പോൾ. നിപസമയത്തും കൊവിഡ് പ്രതിസന്ധിയിലും കേരളം നടത്തിയ അതിജീവനം ഏറെ സ്വാധീനിച്ചെന്ന് അവർ പറഞ്ഞു. ഈ സൃഷ്ടി ദുരന്തമുഖങ്ങളിൽ മനുഷ്യൻ പ്രകടിപ്പിക്കുന്ന അതിജീവനത്തിന്റെയും പരസ്പര പരിചരണത്തിന്റെയും രാഷ്ട്രീയമായ അന്വേഷണമാണെന്ന് അവർ കൂട്ടിച്ചേർത്തു.
നഷ്ടങ്ങളെക്കുറിച്ചും ദുരന്തങ്ങളെക്കുറിച്ചും പറയുമ്പോഴും അവയെ കേവലം സഹതാപത്തോടെ നോക്കിക്കാണുന്നതിന് പകരം,
കേരളത്തിന്റെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ 'അലഖ്' ആശുപത്രി വാർഡുകൾക്കും തീർത്ഥാടന കേന്ദ്രങ്ങൾക്കും ഇടയിലൂടെയുള്ള യാത്രയാണ്. നിപ വൈറസ് പോലുള്ള പകർച്ചവ്യാധികൾ കേരളത്തെ പിടിച്ചുലച്ച സാഹചര്യത്തിൽ ഡോക്ടർമാർ, നഴ്സുമാർ, പരിചരണക്കാർ തുടങ്ങിയവർ പങ്കുവെച്ച അനുഭവങ്ങളാണ് സൃഷ്ടിയുടെ കാതൽ. രോഗശമനത്തിന് വിശ്വാസികൾ ആശ്രയിക്കുന്ന തിരുവനന്തപുരത്തെ ബീമാ ബീവി ദർഗയും സൃഷ്ടിയിൽ കടന്നു വരുന്നുണ്ട്. ശാസ്ത്രീയമായ ചികിത്സാരീതികൾക്കൊപ്പം ആത്മീയമായ വിശ്വാസപ്രമാണങ്ങളും പ്രതിസന്ധിഘട്ടങ്ങളിൽ പ്രതീക്ഷയും ആത്മവിശ്വാസവും എങ്ങിനെയാണ് നൽകുന്നതെന്ന് ഈ ചിത്രം കാണിച്ചുതരുന്നു.
ദുരന്തങ്ങളെ അതിവൈകാരികമായി അവതരിപ്പിക്കുന്ന രീതികളിൽ നിന്ന് മാറി, സാവധാനത്തിലുള്ള ദൃശ്യങ്ങളിലൂടെയും നിശബ്ദമായ നിമിഷങ്ങളിലൂടെയും കാഴ്ചക്കാരനെ ചിന്തിപ്പിക്കാനാണ് പല്ലവി പോൾ ശ്രമിച്ചിരിക്കുന്നത്. കലാസൃഷ്ടിക്ക് പാത്രമാകുമ്പോഴും ദുരന്തങ്ങളെയും കഷ്ടപ്പാടുകളെയും വിൽപനച്ചരക്കാക്കും കെട്ടുകാഴ്ചയുമാക്കി മാറ്റുന്ന (Spectacle) രീതി പല്ലവി ബോധപൂർവ്വം ഒഴിവാക്കുന്നു.
വേദനിക്കുന്നവരുടെ മുഖങ്ങൾ ക്ലോസപ്പിൽ പകർത്തി പ്രേക്ഷകരിൽ നിന്ന് സഹതാപം പിടിച്ചുപറ്റാൻ ആഗ്രഹിക്കുന്നില്ലെന്ന് പല്ലവി പറഞ്ഞു. ഓരോ വ്യക്തിയെയും ചിത്രീകരിക്കുന്നതിന് മുൻപ് അവരുടെ പൂർണ്ണമായ സമ്മതം ഉറപ്പാക്കിയിരുന്നു. തിടുക്കം കാണിക്കാതെ 40 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം കാണുന്നവർ ക്ഷമാപൂർവം ഇരിക്കണമെന്നും മറ്റുള്ളവരുടെ ജീവിതാനുഭവങ്ങളെയും വേദനകളെയും കേൾക്കാൻ സമയം കണ്ടെത്തണമെന്നും പല്ലവി പറയുന്നു. കല എന്നത് കേവലം ആസ്വാദനത്തിന് മാത്രമല്ല, മറിച്ച് ദുരന്തങ്ങളുണ്ടാക്കുന്ന സാമൂഹിക സാഹചര്യങ്ങളെയും അധികാര ക്രമങ്ങളെയും ചോദ്യം ചെയ്യാനുള്ള മാധ്യമം കൂടിയാണെന്ന് അവർ ചൂണ്ടിക്കാട്ടി.
മരണത്തെ സ്നേഹപൂർണ്ണമായ പരിചരണത്തിന്റെ അടയാളങ്ങളാക്കി മാറ്റാൻ പല്ലവിക്ക് സാധിക്കുന്നുണ്ട്. 'ട്രൂസോ' (Trousseau) എന്ന സൃഷ്ടിയിൽ, മരണാനന്തരം മൃതദേഹങ്ങൾ പൊതിയുന്ന ബോഡി ബാഗുകളിൽ മനോഹരമായ തുന്നൽപ്പണികൾ ചെയ്ത് അവയെ ബഹുമാനത്തിന്റെയും കരുതലിന്റെയും പ്രതീകങ്ങളാക്കി മാറ്റിയിരിക്കുന്നു. അതുപോലെ 'അനാസിർ' (Anasir) എന്ന ചിത്രപരമ്പര ദുരന്തങ്ങളെ കലയിലൂടെ പുതിയ രൂപത്തിൽ അവതരിപ്പിക്കുന്നു. ദുരന്തമുഖത്തെ മുൻനിര പോരാളികളെ വെറും ത്യാഗികളായല്ല, മറിച്ച് വിവേചനങ്ങളോട് പൊരുതുന്ന കരുത്തുറ്റ മനുഷ്യരായാണ് 'അലാക്' അടയാളപ്പെടുത്തുന്നത്. അനിശ്ചിതത്വങ്ങൾ നിറഞ്ഞ ലോകത്ത് അതിജീവനമെന്നത് വ്യക്തിപരമായ ഒന്നല്ല, മറിച്ച് കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്നും ഈ സൃഷ്ടി ഓർമ്മിപ്പിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.