Sections

നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനിയെ കുറിച്ച് പരാതി നല്‍കേണ്ടത് എവിടെ...?

Wednesday, Oct 13, 2021
Reported By Aswathi Nurichan
NBFC

അതിനു മുന്‍പായി പരാതി ബന്ധപ്പെട്ട കമ്പനിയെ അറിയിക്കുകയും ആ കമ്പനി ആ പരാതി തിരസ്‌കരിക്കുകയോ, 30 ദിവസത്തിനുള്ളില്‍ യാതൊരുവിധ മറുപടിയും തരാതിരിക്കുകയും ചെയ്യണം


നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനികള്‍ പൊതുജനങ്ങള്‍ക്ക് സഹായകമാകുന്ന നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കാറുണ്ട്. പെട്ടെന്ന് ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തരണം ചെയ്യാനാണ് സാധാരണക്കാര്‍ നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനികളെ ആശ്രയിക്കുന്നത്. എന്നാല്‍ ചില കമ്പനികള്‍ സാധാരണക്കാരുടെ ബുദ്ധിമുട്ടിനെ മുതലെടുക്കുന്നുണ്ട്. ഇത്തരത്തില്‍ നിരവധി പരാതികള്‍ നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനിക്കെതിരെ ഉയരാറുണ്ട്. എന്നാല്‍ ഇത്തരം കമ്പനികള്‍ക്കെതിരെ എവിടെയാണ് പരാതി നല്‍കേണ്ടതെന്ന് പലര്‍ക്കും അറിയില്ല. 

നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനിക്കെതിരെ പരാതിയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനിക്ക് വേണ്ടിയുള്ള ഓംബുഡ്‌സ്മാനെ സമീപിക്കാം. ഓംബുഡ്‌സ്മാനെ നിയമിച്ചിരിക്കുന്നത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ്. പരാതിക്ക് കാരണമായ സംഭവം നടന്നിട്ട് ഒരു കൊല്ലത്തിനുള്ളില്‍ തന്നെ ഓംബുഡ്‌സ്മാനെ സമീപിക്കേണ്ടതാണ്. 

അതിനു മുന്‍പായി പരാതി ബന്ധപ്പെട്ട കമ്പനിയെ അറിയിക്കുകയും ആ കമ്പനി ആ പരാതി തിരസ്‌കരിക്കുകയോ, 30 ദിവസത്തിനുള്ളില്‍ യാതൊരുവിധ മറുപടിയും തരാതിരിക്കുകയും ചെയ്യണം. ഓംബുഡ്‌സ്മാന്റെ തീരുമാനത്തില്‍ പരാതിയുണ്ടെങ്കില്‍ അപ്പീല്‍ ഫയല്‍ ചെയ്യാവുന്നതാണ്. ആ തീരുമാനത്തിലും പരാതിയുണ്ടെങ്കില്‍ ഉപഭോക്താവിന് ഉപഭോക്ത ഫോറത്തെ സമീപിക്കാവുന്നതാണ്.

ഏതൊക്കെ രീതിയിലുള്ള പരാതികളാണ് അയക്കുവാന്‍ സാധിക്കുക?

1. ഡെപ്പോസിറ്റുകളുടെ പലിശ തരുവാന്‍ കാലതാമസം ഉണ്ടാവുക.

2. വായ്പ എടുക്കുമ്പോള്‍, വായ്പകളെ കുറിച്ചും പലിശയെ കുറിച്ചും കൃത്യമായ ഉടമ്പടി വയ്ക്കാതെ വായ്പയെടുത്തതിനുശഷം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കില്‍.

3. എടുക്കുന്ന വായ്പയെ കുറിച്ചുള്ള ധാരണാപത്രത്തില്‍ നിങ്ങള്‍ക്ക് മനസ്സിലാകാത്ത ഭാഷയില്‍ നിങ്ങളെകൊണ്ട് ഒപ്പിടീപ്പിച്ചിട്ടുണ്ടെങ്കില്‍.

4. വായ്പ എടുത്തതിനുശേഷം ധാരണാപത്രത്തിലുള്ള വ്യവസ്ഥകളെ നിങ്ങളെ അറിയിക്കാതെ തന്നെ മാറ്റി എഴുതി ചേര്‍ക്കുകയാണെങ്കില്‍.

5. വായ്പകള്‍ അടച്ചു തീര്‍ത്തതിനുശേഷം ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്ന പ്രമാണങ്ങള്‍, ചെക്കു ലീഫുകള്‍, മറ്റ് രേഖകള്‍ എന്നിവ തിരിച്ചു തരുവാന്‍ കമ്പനി വിമുഖത കാണിക്കുകയാണെങ്കില്‍.

6. ലോണ്‍ എടുക്കുമ്പോള്‍ കരാറില്‍ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങള്‍ പിന്നീട് അടിച്ചേല്‍പ്പിക്കുകയാണെങ്കില്‍.

7. നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനിക്ക് വേണ്ടി റിസര്‍വ് ബാങ്ക് പുറത്തിറക്കിയിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെ ഗുണഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കില്‍.

8. അനാവശ്യമായ ബാങ്കിങ് ചാര്‍ജുകള്‍ അടിച്ചേല്‍പ്പിക്കുകയാണെങ്കില്‍.

9. കൃത്യമായ നോട്ടീസ് തരാതെ പണയപ്പെടുത്തിയ നിങ്ങളുടെ വസ്തുവകകള്‍ പിടിച്ചെടുക്കുകയാണെങ്കില്‍.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.