Sections

നാനോ ഗാര്‍ഹിക സംരംഭങ്ങളുടെ ഉന്നമനത്തിനായി കേരള സര്‍ക്കാര്‍ പദ്ധതി

Tuesday, Nov 23, 2021
Reported By Admin
nono unit

നാനോ ഗാര്‍ഹിക സംരംഭങ്ങള്‍ക്ക് പലിശ സബ്സിഡി നല്‍കുന്നതിനുള്ള പദ്ധതിയാണിത്

 

സംസ്ഥാനത്തെ സംരംഭകരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന വകുപ്പാണ് വ്യവസായ വാണിജ്യ വകുപ്പ്. സംസ്ഥാനത്തെ ബഹുമുഖമായ വ്യവസായ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുക, പുതിയ സംരംഭങ്ങളെ അഭിവൃദ്ധിപ്പെടുത്തുക, സ്‌പോണ്‍സര്‍ ചെയ്യുക, സാമ്പത്തിക സഹായം നല്‍കുക, സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്കും, പരമ്പരാഗത വ്യവസായങ്ങള്‍ക്കും, ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക തുടങ്ങിയ നിരവധി കര്‍ത്തവ്യങ്ങളാണ് വ്യവസായ വാണിജ്യ വകുപ്പിനുള്ളത്. ഇതിന്റെ ഭാഗമായി നിരവധി പദ്ധതികള്‍ വ്യവസായ വാണിജ്യ വകുപ്പ് നടപ്പിലാക്കുന്നുണ്ട്. 

നാനോ ഗാര്‍ഹിക സംരംഭങ്ങള്‍ക്കായി വ്യവസായ വാണിജ്യ വകുപ്പ് പുതിയൊരു ധനസഹായ പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. നാനോ ഗാര്‍ഹിക സംരംഭങ്ങള്‍ക്കുള്ള പലിശ സഹായ പദ്ധതി എന്നാണ് പേര്. അഞ്ചുലക്ഷം രൂപവരെ സ്ഥിരമൂലധന നിക്ഷേപമുള്ള നാനോ ഗാര്‍ഹിക സംരംഭങ്ങള്‍ക്ക് പലിശ സബ്സിഡി നല്‍കുന്നതിനുള്ള പദ്ധതിയാണിത്.

അഞ്ചുലക്ഷം രൂപ വരെ സ്ഥിര നിക്ഷേപമുള്ളതും അഞ്ച് എച്ച്പിയോ അതില്‍ താഴെയോ വൈദ്യുതി ലോഡ് കണക്ഷന്‍ ഉള്ളതുമായ ഉല്‍പാദന മേഖലയിലുള്ള യൂണിറ്റുകള്‍ക്കാണ് ധനസഹായത്തിന് അര്‍ഹതയുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ലൈസന്‍സ് യൂണിറ്റുകള്‍ക്ക് ആവശ്യമില്ല. നാനോ സംരംഭങ്ങളുടെ സ്ഥിര മൂലധന വായ്പയില്‍ സംരംഭകര്‍ അടച്ച പലിശയ്ക്ക് 6 ശതമാനം മുതല്‍ 8 ശതമാനം വരെ താങ്ങ് പലിശയായി 3 വര്‍ഷം തുടര്‍ച്ചയായി തിരികെ ലഭിക്കും. 

പ്‌ളാന്റ് മെഷിനറി, ഓഫിസ് ഉപകരണങ്ങള്‍, വൈദ്യുതീകരണം എന്നിവക്കായി സംരംഭകര്‍ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് എടുത്ത വായ്പകളിന്‍മേല്‍ ഈടാക്കുന്ന പലിശയിനത്തില്‍ ജനറല്‍ വിഭാഗത്തിന് ആറു ശതമാനവും വനിത/പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗത്തിന് എട്ടു ശതമാനവുമാണ് പലിശ സബ്സിഡി.

പൊതുമേഖലാ ബാങ്കുകള്‍, റീജണല്‍ റൂറല്‍ ബാങ്കുകള്‍, സ്വകാര്യ മേഖലാ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, സിഡ്ബി എന്നീ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്തവര്‍ക്ക് ആദ്യത്തെ മൂന്നുവര്‍ഷം പദ്ധതിയുടെ പ്രയോജനം ലഭിക്കും.

ഇക്കാലയളവില്‍ വായ്പ തിരിച്ചടവില്‍ മുടക്കം വരരുത് എന്ന നിബന്ധനയുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ മറ്റു ധനസഹായം നേടിയ യൂണിറ്റുകള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. വിശദ വിവരങ്ങള്‍ ജില്ലാ വ്യവസായ ഓഫീസില്‍ നിന്നും താലൂക്ക് വ്യവസായ ഓഫിസില്‍ നിന്നും ലഭിക്കുന്നതാണ്. കൂടാതെ 0471-2302722 എന്ന നമ്പറിലും industriesdirectorate@gmail.com എന്ന ഇമെയില്‍ ഐഡിയിലും ബന്ധപ്പെടാം.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.