Sections

ചെറുകിട വ്യാപാരികളാണോ? നിങ്ങള്‍ക്കായിതാ ഒരു സന്തോഷ വാര്‍ത്ത

Thursday, Aug 19, 2021
Reported By Aswathi Nurichan
small traders

ഉദ്യം രജിസ്‌ട്രേഷന്‍ നടത്തി എംഎസ്എംഇ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച് കഴിഞ്ഞാല്‍ പ്രയോറിറ്റി സെക്ടര്‍ ലെന്‍ഡിങിന് (പിഎസ്എല്‍) അര്‍ഹത ലഭിക്കും. അതുകൊണ്ട് തന്നെ വായ്പ ലഭിക്കുന്നതിനുള്ള മുന്‍തൂക്കം എംഎസ്എംഇ രജിസ്‌ട്രേഷന്‍ എടുത്തവര്‍ക്ക് ലഭിക്കും.

ഇതുവരെ ഉല്‍പാദന യൂണിറ്റ് അല്ലെങ്കില്‍ സേവന യൂണിറ്റ് എന്നീ വിഭാഗങ്ങളെ മാത്രമായിരുന്നു എംഎസ്എംഇ ആയി പരിഗണിച്ചിരുന്നത്. മൊത്ത വ്യാപാരികളെയും ചില്ലറ വ്യാപാരികളെയും അതില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കിയിരുന്നു. എന്നാല്‍ 2021 ജൂലായ് 3 മുതല്‍ മൊത്ത വ്യാപാരികളെയും ചില്ലറ വ്യാപാരികളെയും എംഎസ്എസ്ഇ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഇന്ത്യയില്‍ എംഎസ്എംഇ സര്‍ട്ടിഫിക്കേഷന്‍ കൊടുക്കുന്നത് ഉദ്യം രജിസ്‌ട്രേഷന്‍ വഴിയാണ്. അതിനാല്‍ ഇനി മുതല്‍ മൊത്ത വ്യാപാരികള്‍ക്കും ചില്ലറ വ്യാപാരികള്‍ക്കും ഉദ്യം രജിസ്‌ട്രേഷന്‍ ചെയ്യാന്‍ സാധിക്കും. 2006 ലാണ് എംഎസ്എംഇ ആക്ട് നിലവില്‍ വന്നത്. ഉല്‍പാദന യൂണിറ്റിനും സേവന യൂണിറ്റിനുമൊപ്പം മൊത്ത വ്യാപാരികളെയും ചില്ലറ വ്യാപാരികളെയും ആ ആക്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ 2017 ല്‍ ഗസറ്റ് നോട്ടിഫിക്കേഷന്‍ വഴി മൊത്ത വ്യാപാരികളെയും ചില്ലറ വ്യാപാരികളെയും ഒഴിവാക്കി. തുടര്‍ന്ന് ചില്ലറ വ്യാപാരികളുടെ അസോസിയേഷന്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് വീണ്ടും നിയമത്തില്‍ മാറ്റം വരുത്തിയത്. ഇതിലൂടെ ഇന്ത്യയിലെ 2.5 കോടി മൊത്ത വ്യാപാരികള്‍ക്കും ചില്ലറ വ്യാപാരികള്‍ക്കും ഉദ്യം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.

ഉദ്യം രജിസ്‌ട്രേഷന്‍ നടത്തി എംഎസ്എംഇ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച് കഴിഞ്ഞാല്‍ പ്രയോറിറ്റി സെക്ടര്‍ ലെന്‍ഡിങിന് (പിഎസ്എല്‍) അര്‍ഹത ലഭിക്കും. ആര്‍ബിഐയുടെ നിയമങ്ങള്‍ പ്രകാരം വാണിജ്യ ബാങ്കുകള്‍ വായ്പ നല്‍കുന്നതിലെ 40 ശതമാനവും പിഎസ്എല്‍ വിഭാഗത്തില്‍ പെടുന്ന ബിസിനസുകള്‍ക്ക് ആയിരിക്കണം. കൂടാതെ റീജിയണല്‍ റൂറല്‍ ബാങ്ക്, സ്‌മോള്‍ ഫിനാന്‍ഷ്യന്‍ ബാങ്ക് പോലെയുള്ള ബാങ്കുകള്‍ വായ്പ നല്‍കുന്നതിലെ 75 ശതമാനവും പിഎസ്എല്‍ വിഭാഗത്തില്‍ പെടുന്ന ബിസിനസുകള്‍ക്ക് ആയിരിക്കണം. അതുകൊണ്ട് തന്നെ വായ്പ ലഭിക്കുന്നതിനുള്ള മുന്‍തൂക്കം എംഎസ്എംഇ രജിസ്‌ട്രേഷന്‍ എടുത്തവര്‍ക്ക് ലഭിക്കും.

2015-2016 ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 6.3 കോടി എംഎസ്എംഇ രജിസ്‌ട്രേഷന്‍ ആണ് ഉള്ളത്. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശിലാണ്. 90 ലക്ഷം രജിസ്‌ട്രേഷന്‍. തൊട്ടുതാഴെ 87.7 ലക്ഷം രജിസ്‌ട്രേഷനുമായി പശ്ചിമ ബംഗാളാണ്. മൊത്ത വ്യാപാരികളെയും ചില്ലറ വ്യാപാരികളെയും എംഎസ്എംഇ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതോടെ 2.5 കോടി സ്ഥാപനങ്ങള്‍ കൂടി രജിസ്റ്റര്‍ ചെയ്യുന്നതാണ്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.