- Trending Now:
കൊച്ചി: ആനന്ദ് പട്വർദ്ധന്റെ ഏറ്റവും പുതിയ ചിത്രം 'വസുധൈവ കുടുംബകം' കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി ജനുവരി 28-ന് രാത്രി 7 മണിക്ക് ഫോർട്ട് കൊച്ചിയിലെ ബാസ്റ്റിൻ ബംഗ്ലാവിൽ പ്രദർശിപ്പിക്കും. ലോകം ഒരു കുടുംബമാണെന്ന സംസ്കൃത സങ്കല്പമായ വസുധൈവ കുടുംബകം എന്ന ആശയത്തിലാണ് ഇരുപത് വർഷത്തിലേറെ നീണ്ട പ്രയത്നത്തിനൊടുവിൽ 2023-ൽ പൂർത്തിയാക്കിയ ഈ ചിത്രം വിഭാവനം ചെയ്തിരിക്കുന്നത്.
മാതാപിതാക്കളോടുള്ള കരുതലിന്റെയും സ്നേഹത്തിന്റെയും ലളിതമായ ദൃശ്യങ്ങളിലൂടെ ആരംഭിച്ച് ചരിത്രം, സ്മൃതി, അധികാരം എന്നിവയെക്കുറിച്ചുള്ള ശക്തമായ പ്രസ്താവനയായി സിനിമ മാറുന്നു. ഇന്ത്യ എല്ലാവരെയും ഉൾക്കൊള്ളുന്ന കാഴ്ചപ്പാടിൽ നിന്ന് ഇന്ത്യ എത്രമാത്രം അകന്നുപോയി എന്നതിലാണ് സിനിമയുടെ വൈകാരികവും രാഷ്ട്രീയവുമായ പ്രസക്തിയുള്ളത്.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ഒരു കുടുംബത്തിന്റെയും, പ്രായമാകുന്ന തന്റെ മാതാപിതാക്കളെ ക്യാമറയിൽ പകർത്തിയ മകന്റെയും കഥയാണിത്. ഹോം മൂവി എന്ന നിലയിൽ തുടങ്ങിയ ചിത്രീകരണം പിന്നീട് രാജ്യത്തിന്റെ തന്നെ വലിയൊരു ചരിത്രരേഖയായി പരിണമിക്കുകയായിരുന്നു. ഭരണകൂട അധികാരത്തെയും ഭൂരിപക്ഷ രാഷ്ട്രീയത്തെയും ചരിത്രപരമായ വിസ്മൃതിയെയും സന്ധിയില്ലാതെ ചോദ്യം ചെയ്യുന്ന പട്വർദ്ധൻ എന്ന സംവിധായകന്റെ അചഞ്ചലമായ നിലപാടുകൾ ഈ സിനിമയിലും പ്രകടമാണ്.
തന്റെ മാതാപിതാക്കളുടെ വാർദ്ധക്യകാലം ചിത്രീകരിച്ചു തുടങ്ങിയ ഈ ചിത്രം പൊതുപ്രദർശനത്തിനായി ഉദ്ദേശിച്ചതായിരുന്നില്ലെന്നും എന്നാൽ അവരുടെ മരണശേഷം ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അത് രാജ്യം മുഴുവൻ കാണേണ്ട പ്രധാനപ്പെട്ട കാര്യമാണെന്ന് താൻ തിരിച്ചറിയുകയായിരുന്നുവെന്നും പട്വർദ്ധൻ പറഞ്ഞു. സ്വാതന്ത്ര്യസമര പോരാട്ടത്തിൽ തന്റെ മാതാപിതാക്കൾ വഹിച്ച പങ്കും അന്നത്തെ തലമുറയുടെ രാഷ്ട്രീയ പ്രതിബദ്ധതയും വെളിപ്പെടുത്തുന്ന ഈ ചിത്രം ഇന്നത്തെ കാലത്ത് ഏറെ അനിവാര്യമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
അധികാരത്തിലിരിക്കുന്നവർ ചരിത്രത്തെ മാറ്റിമറിക്കുകയും സ്വാതന്ത്ര്യസമര കഥകളെ വ്യാജ നിർമ്മിതികൾ കൊണ്ട് പകരം വയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, യഥാർത്ഥ അനുഭവസാക്ഷ്യങ്ങൾ ഉയർത്തിപ്പിടിക്കുന്നത് വലിയ പ്രതിരോധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വെറുമൊരു ഗൃഹാതുരത്വം എന്നതിലുപരി, വക്രീകരിക്കപ്പെടുന്ന ചരിത്രത്തിന് നേരെയുള്ള തിരിച്ചുപിടിക്കലാണ് ഈ സിനിമ. പ്രദർശനത്തിന് ശേഷം ആനന്ദ് പട്വർദ്ധൻ സദസുമായി സംവദിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.