Sections

2025ൽ കേരളം 'യുഎസ് പോലെ' വരുന്നത് 3 വൻ പദ്ധതികൾ

Saturday, Dec 17, 2022
Reported By admin
Highways, Nitin Gadkari

നിലവിൽ കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരത്ത് തമിഴ്നാട് അതിർത്തി വരെ ദേശീയപാത 66 ആറുവരിപ്പാതയാക്കുന്ന പ്രവൃത്തികൾ നടന്നുവരികയാണ്


ദേശീയപാതാ വികസനത്തിന് ഭൂമിയേറ്റെടുക്കുന്നാനുള്ള സംസ്ഥാന സഹായം സംബന്ധിച്ച് കേരളത്തിനെതിരെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉയർത്തിയ വിമർശനം വലിയ വാർത്തയായിരുന്നു. എന്നാൽ കേന്ദ്രമന്ത്രിയുടെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു എന്നും സംസ്ഥാനത്തെയും കേന്ദ്രത്തെയും തമ്മിൽ തെറ്റിക്കാൻ നോക്കിയാൽ നടക്കില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ.

നിലവിലെ പദ്ധതികൾക്കായി ഭൂമിയേറ്റെടുക്കാനായി 25 ശതമാനം തുക നൽകുന്ന സംസ്ഥാന സർക്കാർ കേരളത്തിലെ ദേശീയപാതാ വികസനത്തിന് പൂർണപിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ സംസ്ഥാനത്ത് ചില വൻകിട റോഡ് പദ്ധതികൾക്ക് തറക്കല്ലിട്ടാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി മടങ്ങിയത്. സംസ്ഥാനത്ത് മൂന്ന് സാമ്പത്തിക ഇടനാഴികൾ പൂർത്തിയാകുന്നതോടെ കേരളത്തിലെ വികസനം യുഎസ് പോലുള്ള വിദേശരാജ്യങ്ങൾക്ക് സമമാകും എന്നാണ് നിതിൻ ഗഡ്കരിയുടെ വാദം. 2025ഓടു കൂടി പദ്ധതികൾ പൂർത്തിയാകും എന്നാണ് കേന്ദ്രസർക്കാരിൻ്റെ പ്രതീക്ഷ. കഴക്കൂട്ടം ആകാശപാതയും കുതിരാൻ തുരങ്കങ്ങളും ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി ഗഡ്കരി. മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം സംസ്ഥാനത്തെ 13 ദേശീയപാതാ പദ്ധതികളാണ് ഗഡ്കരി ഉദ്ഘാടനം ചെയ്തത്.

മുംബൈ - കന്യാകുമാരി, തൂത്തുക്കുടി - കൊച്ചി, മൈസൂരു - മലപ്പുറം ഇടനാഴികൾ കേരളത്തിന്റെ വികസനത്തിലെ നാഴികക്കല്ലുകളായി മാറുമെന്നാണ് നിതിൻ ഗഡ്കരിയുടെ വാഗ്ദാനം. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ചേർന്നാണ് പദ്ധതികൾ പൂർത്തിയാക്കുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം വരെ ഒൻപത് ജില്ലകളിലൂടെയാണ് മുംബൈ - കന്യാകുമാരി സാമ്പത്തിക ഇടനാഴി കടന്നുപോകുന്നത്. എറണാകുളം ജില്ലയിൽ നിന്ന് തുടങ്ങുന്ന തൂത്തുക്കുടി - കൊച്ചി ഇടനാഴി ഇടുക്കി ജില്ലയിലൂടെ തമിഴ്നാട്ടിലേയ്ക്ക് കടക്കും. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലൂടെയാണ് 72 കിലോമീറ്റർ നീളത്തിൽ മൈസൂർ - മലപ്പുറം പാത കടന്നുപോകുക.റോഡ് വികസിക്കാതെ വ്യവസായവികസനം സാധ്യമാകില്ല. ഈ പദ്ധതികൾ നടപ്പിലാകുന്നതോടെ കേരളത്തിലെ ടൂറിസം രംഗത്ത് മൂന്നിരട്ടി വളർച്ചയുണ്ടാകും. കൂടുതൽ തൊഴിലവസരങ്ങളുണ്ടാകും. അതുവഴി സർക്കാരിന് കൂടുതൽ വികസനപദ്ധതികൾ നടപ്പിലാക്കാൻ സാധിക്കും.കേരളത്തിൽ ഭൂമിയ്ക്ക് വില കൂടുതലാണ്. കേരളത്തിന്റെ മൊത്തം വികസനത്തിന് റോഡ് വികസനം കൂടിയേ തീരൂ. ഭൂമിയേറ്റെടുക്കുന്നതിൽ സംസ്ഥാന സർക്കാർ നൽകുന്ന പിന്തുണയ്ക്ക് നന്ദി പറയാനും കേന്ദ്രമന്ത്രി മറന്നില്ല. മുഖ്യമന്ത്രിയുടെ പിന്തുണ മൂലമാണ് അതിവേഗം ഭൂമിയേറ്റെടുക്കാൻ കഴിഞ്ഞതെന്നും സംസ്ഥാനത്ത് നിലവിൽ 18 ബൈപ്പാസ് റോഡുകളുടെ നിർമാണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഗഡ്കരി വ്യക്തമാക്കി. 1000 കോടി രൂപയാണ് ഇതിനായി മാറ്റി വെച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിയുടെ പ്രത്യേക ഇടപെടലിനെ വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും തിരിച്ചും പ്രശംസിച്ചു.

നിലവിൽ കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരത്ത് തമിഴ്നാട് അതിർത്തി വരെ ദേശീയപാത 66 ആറുവരിപ്പാതയാക്കുന്ന പ്രവൃത്തികൾ നടന്നുവരികയാണ്. പ്രധാന പട്ടണങ്ങളിലെല്ലാം ബൈപ്പാസ് റോഡുകളുള്ള ഹൈവേയിൽ നിലവിലെ പാതയിലുള്ള വലിയ വളവുകളെല്ലാം ഒഴിവാകും. വിവിധ റീച്ചുകളിലായി നിർമാണം പൂർത്തിയാകുന്ന ഈ പാതയോട് അനുബന്ധിച്ചാണ് സാമ്പത്തിക ഇടനാഴി പദ്ധതിയും.നിലവിൽ സർക്കാർ അംഗീകാരം നേടിയ റോഡ് വികസന പദ്ധതികളെല്ലാം യാഥാർഥ്യമാകുന്നതോടെ കേരളത്തിലെ റോഡ് ഗതാഗതപ്രശ്നങ്ങൾ വലിയൊരളവോളം പരിഹരിക്കപ്പെടും എന്നാണ് പ്രതീക്ഷ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.