Sections

കോട്ടയത്ത് തൊഴിലുറപ്പിലൂടെ 28.11 കോടി വേതനം നല്‍കി | thozhilurappu padhathi in kerala

Sunday, Aug 21, 2022
Reported By admin
thozhilurappu padhathi

സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള മിഷൻ അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി 25 സെന്റിനുമുകളിലുള്ള 39 കുളങ്ങൾ തൊഴിലുറപ്പു പദ്ധതിയിൽ പുനരുദ്ധാരണപരിപാടികൾക്കായി ഏറ്റെടുത്തിട്ടുണ്ട്

 

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽ ജില്ലയിൽ വേതനമായി വിതരണം ചെയ്തത് 28.11 കോടി രൂപ. ഈ സാമ്പത്തികവർഷം ജൂൺ 30 വരെയുള്ള കണക്കാണിത്. ഈ കാലയളവിൽ ജില്ലയിൽ 9,22,828 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചുവെന്നും ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ രണ്ടാം പാദ അവലോകന യോഗം (ദിശ) വിലയിരുത്തി.ജില്ലയിൽ 52,509 കുടുംബങ്ങൾക്കായി ശരാശരി 17.57 തൊഴിൽദിനങ്ങൾ നൽകി. പട്ടികജാതി കുടുംബങ്ങൾക്ക് 1,36,274 തൊഴിൽദിനങ്ങളും പട്ടികവർഗകുടുംബങ്ങൾക്ക് 36315 തൊഴിൽദിനങ്ങളും നൽകി. ജില്ലയിൽ അഞ്ചു കുടുംബങ്ങൾ 100 ദിവസം പൂർത്തിയാക്കിയെന്നും യോഗം വിലയിരുത്തി.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള മിഷൻ അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി 25 സെന്റിനുമുകളിലുള്ള 39 കുളങ്ങൾ തൊഴിലുറപ്പു പദ്ധതിയിൽ പുനരുദ്ധാരണപരിപാടികൾക്കായി ഏറ്റെടുത്തിട്ടുണ്ട്.പ്രധാനമന്ത്രി കൗശൽ വികാസ് യോജന പ്രകാരം 138 പേർ പരിശീലനം പൂർത്തിയാക്കിയെന്നും ഇതിൽ 22 പേർക്ക് നിയമനം ലഭിച്ചു. പി.എം. കിസാൻ പദ്ധതിപ്രകാരം 2022 ഏപ്രിൽ ജൂലൈ കാലയളവിൽ 2,33,676 ഗുണയോക്താക്കൾക്കായി 32.81 കോടി രൂപ കൈമാറി.


തോമസ് ചാഴികാടൻ എം.പി,ജില്ലാ കലക്ടർ ഡോ. പി.കെ. ജയശ്രീ, ഡപ്യൂട്ടി ഡവലപ്‌മെന്റ് കമ്മിഷണറും പ്രോജക്ട് ഡയറക്ടറുമായ പി.എസ്. ഷിനോ, കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രതിനിധി പി.എൻ. അമീർ, തദ്ദേശസ്ഥാപന ജനപ്രതിനിധികൾ, വകുപ്പുമേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

അവിദഗ്ദ്ധ കായിക ജോലികൾ ചെയ്യുന്നതിന്‌ സന്നദ്ധതയുള്ള പ്രായപൂർത്തിയായ അംഗങ്ങൾ ഉൾ‍പ്പെടുന്ന ഗ്രാമീണ കുടുംബത്തിന്‌ ഒരു സാമ്പത്തിക വർഷത്തിൽ 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കുന്നതിനുള്ള നിയമമാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം-2005. കുടുംബങ്ങൾക്ക് തൊഴിൽ സുരക്ഷിതത്വം ലക്ഷ്യമാക്കിയിട്ടുള്ള ഈ പദ്ധതിയിൽ ഒരു കുടുംബത്തിന്‌ ഒരു സാമ്പത്തിക വർഷം 100 തൊഴിൽ ദിനങ്ങൾ സ്വന്തം നാട്ടിൽ ഉറപ്പു നൽകുന്നതോടൊപ്പം; ഉത്പാദന വർദ്ധനവ്, സ്ഥിര ആസ്തി സൃഷ്ടിക്കുക, പരിസ്ഥിതി സംരക്ഷണം, ജീവിത നിലവാരം ഉയർത്തുക എന്നീ ലക്ഷ്യങ്ങളും ഉണ്ട്. ഈ പദ്ധതിയിൽ, ഗ്രാമസഭകളുടെ വർദ്ധിച്ച പങ്കാളിത്തം കൂടാതെ, സാമൂഹിക ഓഡിറ്റിംഗ്, പങ്കാളിത്ത ആസൂത്രണം, നടത്തിപ്പിലും മേൽനോട്ടത്തിലും തദ്ദേശസ്ഥാപനങ്ങളുടെ വർദ്ധിച്ച ഉത്തരവാദിത്തം എന്നീ കാര്യങ്ങളാൽ ജനകീയമായ അടിത്തറ നിലവിൽ വരുന്നു. തൊഴിലിനുള്ള മൗലികാവകാശവും, മിനിമം കൂലിയും, സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യവേതനവും ഉറപ്പു നൽകുന്നു എന്ന സവിശേഷതയും ഈ പദ്ധതിയുടെ പ്രധാന ഗുണങ്ങളാണ്‌. ഈ പദ്ധതി കേന്ദ്ര സംസ്ഥാന സർക്കാരുകളുടേയും ത്രിതല പഞ്ചായത്തുകളുടേയും, പൊതുജങ്ങളുടേയും സഹകരണത്തോടെയാണ്‌ നടപ്പിലാക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.