Sections

ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ക്ഷീരമേഖലയിൽ കൂടുതൽ മാറ്റങ്ങൾ സൃഷ്ടിക്കും: മന്ത്രി ജെ ചിഞ്ചുറാണി

Thursday, Nov 02, 2023
Reported By Admin
Keraleeyam 2023

പുത്തൻ ശാസ്ത്ര സാങ്കേതിക വിദ്യകൾ പരിശീലിപ്പിച്ച് ക്ഷീരമേഖലയിൽ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനത്തിലടക്കം മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയണമെന്ന് മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു. കേരളീയത്തിന്റെ രണ്ടാം ദിനം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടന്ന കേരളത്തിലെ ക്ഷീര മേഖല എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പാലുൽപാദനത്തിൽ 90% സ്വയംപര്യാപ്തത കൈവരിക്കുന്നതിന് നമുക്ക് സാധിച്ചത് ആവശ്യമായ നയസമീപനങ്ങൾ സ്വീകരിച്ചതിലൂടെയാണ്. വിവിധ വകുപ്പുകളിലൂടെ കൂടുതൽ കർഷകരെ പശുവളർത്തൽ മേഖലയിൽ ആകർഷിക്കുവാൻ കഴിഞ്ഞു.

ശാസ്ത്രീയമായ പശു വളർത്തൽ രീതികൾ അവലംബിക്കാൻ സംസ്ഥാനത്തെ കർഷകരെ പരിശീലിപ്പിക്കുക, സംസ്ഥാനത്ത് ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള പാൽ ലഭ്യമാക്കുക, പാൽ ഉത്പന്നങ്ങളുടെ ഉപഭോഗം വർദ്ധിപ്പിക്കുന്നതിനുള്ള കർമ്മ പദ്ധതികൾ നടപ്പാക്കുക എന്നിവ പ്രധാനമാണ്. സ്വയം സഹായ സംഘങ്ങൾ രൂപീകരിച്ചുകൊണ്ട് പശു വളർത്തൽ മേഖല ശാക്തീകരിക്കുക അതോടൊപ്പം തന്നെ ഉൽപ്പാദനച്ചെലവ് തിരിച്ച് സംസ്ഥാനത്തെ പശുവളർത്തൽ ലാഭകരമാക്കാനായി തീറ്റ വസ്തുക്കൾ മിതമായ നിരക്കിൽ കർഷകർക്ക് ലഭിക്കുവാനുള്ള വിവിധ പദ്ധതികൾ നടപ്പിലാക്കാനും ഗവൺമെന്റിന് കഴിഞ്ഞു. ശാസ്ത്രീയ പ്രജനന നയം നടപ്പിലാക്കുന്ന വഴി പാൽ ഉൽപാദന് വർദ്ധിച്ചു.

പശുവളർത്തൽ മേഖലയിൽ ആധുനികവൽക്കരണവും യന്ത്രവൽക്കരണവും നടപ്പിലാക്കുക സംസ്ഥാനത്തിന് ആവശ്യമായ തലമുറ ഉരുക്കളെ ഉറപ്പാക്കുന്നതിനായി കന്നു കുട്ടികളെ ശാസ്ത്രീയമായി പരിപാലിക്കുക എന്നിവയിലും ശ്രദ്ധ നൽകുന്നു. വാണിജ്യാടിസ്ഥാനത്തിൽ തീറ്റപ്പുൽ വളർത്തൽ പ്രോൽസാഹിപ്പിക്കുകയാണ്. ക്ഷീരകർഷകർക്കും പശുക്കൾക്കും മികച്ചതും ചെലവുകുറഞ്ഞതുമായ ആരോഗ്യസംരക്ഷണം , പൂർണമായ ഇൻഷുറൻസ് പരിരക്ഷ പദ്ധതികൾ എന്നിവ ഉറപ്പ് നൽകുന്നു. സാമൂഹ്യസുരക്ഷ ഉറപ്പാക്കിയും ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗം പ്രയോജനപ്പെടുത്തിക്കൊണ്ടും സംസ്ഥാനത്തെ ക്ഷീര ഉൽപ്പാദന രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരികയാണ് സർക്കാർ ചെയ്യുന്നത്. കലണ്ടർ തയ്യാറാക്കി പ്രതിരോധമാർഗങ്ങൾ അവലംബിച്ചും രോഗ സാധ്യത കുറച്ചും വാതിൽ പ്പടി മൃഗചികിത്സ സേവനം നൽകിയും മൃഗസംരക്ഷണ വകുപ്പ് സേവനങ്ങൾ ഉറപ്പാക്കുന്നു.

സ്റ്റാർട്ടപ്പ് മിഷനുകൾ സാധ്യത പരമാവധി പ്രയോജനപ്പെടുത്തി. 100% സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം മാറുകയാണ്. മേഖലയിൽ നിന്നും കൊഴിഞ്ഞു പോകുന്ന കർഷകരുടെ എണ്ണം നിയന്ത്രിച്ചു കൊണ്ടുവരേണ്ടതുണ്ട്. പുല്ലിന്റെ ലഭ്യത കുറവ് പരിഹരിക്കുക, വർദ്ധിച്ച പാൽ ഉൽപ്പാദന ചെലവ് നിയന്ത്രിക്കുക, സ്ഥലപരിമിതിയുടെ പ്രശ്നങ്ങൾ എന്നിവ നാം നേരിടുന്ന വെല്ലുവിളികളാണ്. അന്തരീക്ഷ മലിനീകരണ പ്രശ്നങ്ങൾ , രജിസ്ട്രേഷൻ നടപടികളിൽ നേരിടുന്ന കാലതാമസം എന്നിവ പരിഹരിക്കും. ക്ഷീര കർഷകർക്ക് ഉയർന്ന ബാങ്ക് പലിശ നിരക്ക് നൽകേണ്ടി വരുന്നു എന്ന് പ്രശ്നം നിലവിലുണ്ട്.

കേരളം ഒരുകുടക്കീഴിൽ അഭിമാനകരമായ ഒത്തുചേരുന്ന ഈ ധന്യ മുഹൂർത്തത്തിൽ ക്ഷീര കേരളത്തിൻറെ സാക്ഷ്യപ്പെടുത്തലായി നമ്മുടെ ഒത്തുചേരൽ മാറി എന്നത് അഭിമാനകരമാണ്. ദേശീയ ക്ഷീരവികസന ബോർഡ് ചെയർമാൻ മിനേഷ് ഷാ,ഇന്ത്യൻ ഡയറി അസോസിയേഷൻ പ്രസിഡൻറ് ഡോ.ആർ എസ് സോധി , മിൽമ ചെയർമാൻ ഇ എസ് മണി ,ഡോ.പ്രകാശ് കളരിക്കൽ , ഡോ. എസ് രാംകുമാർ ,പ്രൊഫ. പി സുധീർബാബു ക്ഷീരകർഷക അവാർഡ് ജേതാവ് ബീന തങ്കച്ചൻ , ഫാദർ ജിബിൻ ജോസ് എന്നിവർ സംബന്ധിച്ചു


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.