Sections

കേരളത്തിലെ വ്യാവസായിക സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്തും: മന്ത്രി പി. രാജീവ്

Tuesday, Mar 05, 2024
Reported By Admin
Scaleup Conclave 24

സ്കെയിൽ അപ്പ് കോൺക്ലേവ്-24 വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു


കേരളത്തിലെ വ്യാവസായിക സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കൊച്ചി മറൈൻഡ്രൈവ് ഹോട്ടൽ താജ് വിവാന്റയിൽ നടന്ന സ്കെയിൽ അപ്പ് കോൺക്ലേവ്-24 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യവസായങ്ങൾ ആരംഭിക്കുന്നതിന് അനുയോജ്യമായ സർക്കാർ സംവിധാനമാണ് കേരളത്തിൽ നിലവിലുള്ളത്. ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിന് മന്ത്രിസഭാ ക അംഗീകാരം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 25 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസം നേടുന്നതിനൊപ്പം വ്യാവസായിക മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിദ്യാർത്ഥികൾക്ക് ബോണസ് മാർക്ക്/ ഗ്രേസ് മാർക്ക്, പ്രതിഫലം തുടങ്ങിയവ നൽകുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പിന് ശുപാർശ ചെയ്യും.

വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും. വ്യാവസായിക ഉത്പാദനം വർദ്ധിപ്പിക്കും. സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതിന് വിദ്യാർത്ഥികൾക്ക് സർവ്വകാലാശാലകൾ സാമ്പത്തിക സഹായം നൽകണം. വിദ്യാർത്ഥികളെ മികച്ച സാധ്യതകൾ കണ്ടെത്തുന്നതിനായി പ്രോത്സാഹിപ്പിക്കണം.

തിരുവനന്തപുരത്ത് വരുന്ന രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ് യൂണിവേഴ്സിറ്റി ഉന്നത വിദ്യാഭ്യാസ മേഖലയിലെ നാഴികക്കല്ലായി മാറും. കൊച്ചി, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലായി മൂന്ന് ഡിജിറ്റൽ സയൻസ് പാർക്കുകളും യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസം കരുത്താർജിക്കും.

ആറു മാസ കാലയളവിലെ മുഴുവൻ സമയ പെയ്ഡ് ഇന്റേൺഷിപ്പ് വിദ്യാർത്ഥികളിലും വ്യാവസായിക മേഖലയിലും മികച്ച മുന്നേറ്റം സൃഷ്ടിക്കുന്നുണ്ട്. സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതിനായി സർക്കാർ മേഖലയിൽ പഠിക്കുന്ന വിദ്യാർത്ഥികളെയും പ്രോത്സാഹിപ്പിക്കും.

സ്റ്റാർട്ടപ്പുകൾക്ക് അനുകൂല സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായി ആനുവൽ സ്റ്റാർട്ടപ്പ് കോൺക്ലേവ്, ഇന്റർനാഷണൽ എ.ഐ കോൺക്ലേവ്, ഇന്റർനാഷണൽ റൗണ്ട് ടേബിൾ കോൺഫറൻസ് തുടങ്ങിയവ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇൻഡസ്ട്രീസ് ആൻഡ് നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, കെ.എസ്.ഐ.ഡി.സി ചെയർമാൻ പോൾ ആന്റണി, സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക, ഇൻഡസ്ട്രീസ് ആൻഡ് കോമേഴ്സ് അഡീഷണൽ ഡയറക്ടർ കെ.എസ് കൃപകുമാർ, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ്, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ എസ്. ഹരികിഷോർ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.