- Trending Now:
നമ്മളെല്ലാവരും വ്യത്യസ്തരായ മനുഷ്യരാണ്. പക്ഷേ നമ്മുടെ എല്ലാം ഹൃദയങ്ങൾ ഒരുപോലെയാണ് ഹൃദയത്തിലെ ഭാവങ്ങൾ ഒരുപോലെയാണ് ഹൃദയത്തിൻറെ ഭാഷ ഒരുപോലെയാണ് എല്ലാ ഹൃദയങ്ങൾക്കും മനസ്സിലാകുന്നത് ഒരേ ഭാഷയാണ് സ്നേഹത്തിൻറെ ഭാഷ. സ്നേഹത്തിന്റെ ഭാഷയിലെ ആദ്യത്തെ വാക്കാണ് പുഞ്ചിരി. അപ്പോൾ ഹൃദയത്തിൽ നിന്ന് സ്വാഭാവികമായി ഉയരുന്ന ഈ പുഞ്ചിരിയെ നാം നിർബന്ധമായി തടഞ്ഞു വെയ്ക്കേണ്ട കാര്യമില്ല. ഒരു പുഞ്ചിരിയുടെ പ്രാധാന്യം നമ്മിൽ വളരെക്കുറച്ചു പേർക്കു മാത്രമേ മനസ്സിലാവുകയുള്ളൂ അല്ലെങ്കിൽ മനസ്സിലാക്കിയിട്ടുള്ളൂ എന്നതാണ് വാസ്തവം.
നമ്മുടെ ഹൃദയങ്ങളിൽ നിന്നുയരുന്ന പുഞ്ചിരി സ്വാഭാവികമാണെന്നും അത് നിഷ്കളങ്കമാണെന്നും നമുക്ക് ഉറപ്പു വരുത്താം മറ്റുള്ളവർക്ക് ഒരു പുഞ്ചിരി സമ്മാനിക്കുമ്പോൾ ഒരുപക്ഷേ അത് അവരുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഏറെയായിരിക്കും.''ഞാൻ നിങ്ങളെ സഹർഷം സ്വാഗതം ചെയ്യുന്നു. സന്തോഷത്തോടെ വന്നാലും!'' എന്നാണു പറയാത്ത വാക്കുകളാൽ ആ പുഞ്ചിരി വെളിപ്പെടുത്തുന്നത്. യാതൊരു ഭാവഭേദവുമില്ലാതെയോ ദുർമുഖത്തോടുകൂടിയോ ഇരിക്കുന്ന ഒരാളെ കാണുമ്പോൾ എന്തായിരിക്കും നമ്മുടെ വിചാരം? വല്ലതും ആവശ്യപ്പെടാനാണ് അയാളെ സമീപിക്കുന്നതെങ്കിൽ ആ ആവശ്യം പറയാൻ തന്നെ നാം മടിക്കും. അങ്ങോട്ടു പോകേണ്ടിയിരുന്നില്ല എന്നു തോന്നിപ്പോവും. തനിക്കും മറ്റുള്ളവർക്കും സന്തോഷമുണ്ടാക്കുന്ന ഒന്നാണ് പുഞ്ചിരി. എങ്കിലും എത്ര ചുരുക്കം പേരിൽ മാത്രമേ നല്ലൊരു പുഞ്ചിരി നാം കാണുന്നുള്ളൂ.
പുഞ്ചിരി കോപത്തെയകറ്റും, നൈരാശ്യത്തെ നശിപ്പിക്കും, ആത്മവിശ്വാസം ഉളവാക്കും.ഒരു പുതിയ ബന്ധു നമുക്കുണ്ടായി എന്ന തോന്നലും ജനിപ്പിക്കും.യാതൊരു നഷ്ടവും അതു നമുക്കു വരുത്തുകയില്ല. ഏറെ ലാഭം കൈവരുത്തുകയും ചെയ്യും.പിന്നെ എന്തുകൊണ്ട് ആ സ്വഭാവം ശീലിച്ചുകൂടാ? സന്ദർശകരെ നല്ലൊരു പുഞ്ചിരിയോടെ സ്വീകരിക്കുന്ന ആകർഷകമായ ആ സ്വഭാവം.
പുഞ്ചിരിക്കു വലിയൊരു അർഥമുണ്ട്. ''എന്റെ കാര്യത്തിൽ മാത്രം നിമഗ്നനായി ഇരിക്കുന്നവനല്ല ഞാൻ. എനിക്കു നിങ്ങളുടെ കാര്യത്തിലും താൽപര്യമുണ്ട്. നിങ്ങൾക്ക് എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ, അതിനു ഞാൻ സന്നദ്ധമാണ്.'' എന്നു സന്ദർശകരെ അറിയിക്കുകയാണ് പുഞ്ചിരികൊണ്ടു നാം ചെയ്യുന്നത്.മറ്റുള്ളവരുടെ ആത്മാർഥ പുഞ്ചിരി നമ്മിലുണ്ടാക്കുന്ന സന്തോഷത്തെപ്പറ്റി നമുക്കെല്ലാവർക്കുമറിയാം. എന്തുകൊണ്ട് മറ്റുള്ളവർക്കും ആ തരത്തിലുള്ള അനുഭവം നമുക്കു സമ്മാനിച്ചുകൂടാ - നമ്മുടെ ആത്മാർഥമായ പുഞ്ചിരി കൊണ്ട്. ചുറ്റുപാടും സൗഹാർദം പരത്താനുള്ള കഴിവു പുഞ്ചിരിക്കുണ്ട്. അതു മറ്റുള്ളവരെ സന്തോഷിപ്പിക്കുമ്പോൾ ആ സന്തോഷം നമ്മെയും ആനന്ദഭരിതരാക്കും. സുഹൃത്തുക്കൾ നിറഞ്ഞ ഒരു ലോകമാണിത് എന്ന ബോധം നമ്മിലുളവാക്കുകയും ചെയ്യും.
മഞ്ഞുമൂടലുള്ള ഒരു പുലരിയിൽ സൂര്യൻ ഉദിച്ചുയരുമ്പോൾ അതെല്ലാം ഒഴിഞ്ഞുപോകുന്നു. അതുപോലെയാണ് പുഞ്ചിരി കാണുമ്പോൾ നിരാശയും സംഘർഷവും എല്ലാം മാറിപ്പോകുന്നത്.
ഹൃദയത്തിൽ കൗടില്യവും വിദ്വേഷവും തിന്മയും പേറിക്കൊണ്ടു നടക്കുന്നവരിൽ നിന്ന് ആത്മാർഥത നിറഞ്ഞ പുഞ്ചിരി ഉണ്ടാവുകയില്ല. ഹൃദയത്തിന്റെ ഭാവമാണു മുഖത്തു പ്രതിഫലിക്കുന്നത്. ഹൃദയം നിർമലവും സ്നേഹനിർഭരവുമെങ്കിൽ മുഖത്ത് അതിന്റെ പ്രതിഫലനം പ്രത്യക്ഷപ്പെടും. നൈർമല്യത്തിന്റെ പുഞ്ചിരി. അതു വരുത്തുന്ന മാറ്റങ്ങൾ വിസ്മയകരമായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.