Sections

മറ്റത്തൂരിൽ നിന്നുമുള്ള വാഴയുടെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾക്ക് വിദേശത്തും വിപണി

Friday, Nov 10, 2023
Reported By Admin
Value Added Product Mattathur

  • പാഡി അഗ്രോയുടെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളെ വിദേശ വിപണിയിലേക്ക്; സ്വാഗതം ചെയ്തു വിയറ്റ്നാം സംഘം
  • കേരളീയത്തിൽ പാഡി അഗ്രോയ്ക്ക് ലഭിച്ചത് മികച്ച സ്വീകാര്യത

മറ്റത്തൂർ പഞ്ചായത്തിലെ കിഴക്കേ കോടാലി കേന്ദ്രീകരിച്ചുള്ള 'പാഡി അഗ്രോ' യ്ക്ക് 'കേരളീയം' വഴി തുറന്നു നൽകിയത് ആഭ്യന്തര വിദേശ വിപണിയിലേക്കുള്ള വാതിലാണ്. തിരുവനന്തപുരത്ത് നടന്ന കേരളീയം സ്റ്റാളിൽ പാഡി അഗ്രോയുടെതായി വാഴയിൽ നിന്നുള്ള 13 ഉൽപ്പന്നങ്ങൾ പ്രദർശനത്തിന് ഉൾപ്പെടുത്തിയതിൽ വാഴപ്പിണ്ടി കൊണ്ടുള്ള ക്യാൻഡി, സ്ക്വാഷ് എന്നിവയ്ക്ക് വിയറ്റ്നാമിൽ നിന്നെത്തിയ മന്ത്രിമാർ അടങ്ങുന്ന സംഘം വിയറ്റ്നാം വിപണിയിലേക്കുള്ള സാധ്യതകൾ തുറന്നു നൽകി. ഇതു സംബന്ധിച്ച ചർച്ചകൾക്ക് ശേഷമാണ് സംഘം മടങ്ങിയത്. ഇതുകൂടാതെ ലുലു ഇന്റർനാഷണൽ ഗ്രൂപ്പും ഇവരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച ഇരിപ്പിടം നൽകുമെന്ന വാഗ്ദാനവും നൽകിയിട്ടുണ്ട്.

കൊടകര ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡ് കേന്ദ്രീകരിച്ചുള്ള ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിയാണ് 'പാഡി അഗ്രോ'. വിവിധ ഇനങ്ങളിലുള്ള നാൽപ്പതോളം മൂല്യവർദ്ധിത ഉത്പന്നങ്ങളാണ് പാഡി ആഗ്രോയ്ക്കുള്ളത്. ചെയർമാൻ ടി.എസ് ശ്രുതിയുടെയും മാനേജിംഗ് ഡയറക്ടർ കെ.ജി. ഷാന്റോയുടെയും നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് പാഡിക്ക് നേതൃത്വം നൽകുന്നത്. 2021 ലാണ് പാഡി അഗ്രോ സൊസൈറ്റിയായി ആരംഭിച്ചത്. തുടർന്ന് സർക്കാരിന്റെ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷനിൽ 50 എണ്ണത്തിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു. ഇതുവഴിയാണ് കേരളീയത്തിൽ സൗജന്യമായി സ്റ്റാളിടാൻ പാഡി ആഗ്രോയ്ക്ക് സാധിക്കുന്നത്.

വാഴപ്പിണ്ടികൊണ്ടുള്ള ക്യാൻഡി, സ്ക്വാഷ് എന്നിവയ്ക്ക് പുറമേ ഏറ്റവും സ്വീകാര്യതയുള്ള പാഡിയുടെ ഉൽപ്പന്നങ്ങളാണ് വാഴപ്പിണ്ടി ഉപ്പിലിട്ടതും കണ്ണങ്കായ പൊടിയും. കേരളീയത്തോടെ വിദേശ - സ്വദേശ വിപണികളിലുള്ള വലിയ സാധ്യതകളെ കണക്കിലെടുത്തുകൊണ്ട് പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്താനും മറ്റത്തൂരിന്റെ കൃഷി സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുവാനുമുള്ള ലക്ഷ്യത്തിലാണ് ശ്രുതിയും സംഘവും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.