Sections

കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങൾ വീടുകളിലേക്ക് നേരിട്ട് എത്തിച്ച് നൽകുന്ന ഹോം ഷോപ്പ് സംവിധാനം ശ്രദ്ദേയമാകുന്നു; വിറ്റു വരവ് 78 ലക്ഷം

Wednesday, Aug 23, 2023
Reported By Admin
Kudumbashree Home Shop

കുടുംബശ്രീ ഹോം ഷോപ്പ്; വിറ്റു വരവ് 78 ലക്ഷം


കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങൾ വീടുകളിലേക്ക് നേരിട്ട് എത്തിച്ച് നൽകുന്ന ഹോം ഷോപ്പ് സംവിധാനം ശ്രദ്ദേയമാകുന്നു. ഹോം ഷോപ്പ് സംരംഭത്തിലൂടെ ഇതുവരെ 78 ലക്ഷം രൂപയുടെ വിറ്റ് വരവുണ്ടാക്കി. പ്രാദേശിക സാമ്പത്തിക വികസന പ്രവർത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ 2021 ലാണ് പദ്ധതി ആരംഭിച്ചത്. സുൽത്താൻബത്തേരി കേന്ദ്രീകരിച്ചാണ് 'ഹോം ഷോപ്പ് ജില്ലാ മാനേജ്മെന്റ് ആന്റ് മാർക്കറ്റിംഗ് സെന്റർ' പ്രവർത്തിക്കുന്നത്.

കുടുംബശ്രീ അയൽക്കൂട്ട സംരംഭകർ നിർമ്മിക്കുന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ഹോം ഷോപ്പ് ജില്ലാ മാനേജ്മെന്റ് ടീം ശേഖരിക്കുകയും വാർഡ് തലത്തിൽ അയൽക്കൂട്ടങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഹോം ഷോപ്പ് ഓണർമാരിലൂടെ അയൽക്കൂട്ടങ്ങളിലും അയൽപക്ക പ്രദേശങ്ങളിലും നേരിട്ട് എത്തിച്ച് വിപണനം ചെയ്യുന്ന രീതിയാണ് ഹോം ഷോപ്പ് സംവിധാനം. എച്ച്.എസ്.ഒമാർ എന്ന നിലയിൽ ഇരുന്നൂറോളം അയൽക്കൂട്ട സ്ത്രീകൾക്ക് നേരിട്ട് വരുമാനം ലഭിക്കും. മുപ്പതിൽപ്പരം സംരംഭകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനും ഉപഭോക്താക്കൾക്ക് മായം കലരാത്ത ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മിതമായ നിരക്കിൽ ലഭിക്കാനും ഹോം ഷോപ്പ് സംവിധാനത്തിലൂടെ സാധിക്കും.

മായമില്ലാത്ത നാടൻ ഭക്ഷ്യ ഉൽപ്പന്നങ്ങൾ, കറിപ്പൊടികൾ, കരകൗശല വസ്തുക്കൾ, ക്ലീനിങ് ഉൽപ്പന്നങ്ങൾ എന്നിവ മിതമായ നിരക്കിൽ വീടുകളിൽ നേരിട്ട് എത്തിച്ചു നൽകും. കുടുംബശ്രീ ഗ്രാമീണ ഉൽപ്പന്നങ്ങളെ വിപണിക്കാവശ്യമായ രീതിയിൽ വികസിപ്പിച്ചു ഗുണമേന്മയും തനിമയും ഉറപ്പ് വരുത്തി വീടുകളിലെത്തിച്ചു വിൽപ്പന നടത്തുക എന്ന ദൗത്യമാണ് ഹോം ഷോപ്പിലൂടെ നടപ്പിലാക്കുന്നത്. ഗ്രാമീണ സംരംഭകരെ അവരുടെ ഉൽപ്പന്നങ്ങൾക്ക് വില, ചെലവ് എന്നിവ നിർണ്ണയിക്കുന്നതിനും അസംസ്കൃത വസ്തുക്കൾ, പാക്കിങ്, ലേബലിങ് എന്നിവയിലും സഹായം നൽകുന്നുണ്ട്.

ജില്ലാ മിഷന്റെ കീഴിൽ മൈക്രോ സംരംഭ കൺസൾട്ടന്റിന്റെ നേതൃത്വത്തിൽ 3 പേരടങ്ങുന്ന ജില്ലാ മാനേജ്മെന്റ് ടീമാണ് ഹോം ഷോപ്പ് സംവിധാനത്തെ നിയന്ത്രിക്കുന്നത്. ജില്ലയിൽ നാലു ബ്ലോക്കുകളിലായി സി.ഡി.എസിന്റെ നേതൃത്വത്തിൽ അയൽക്കൂട്ടങ്ങളിലൂടെ തിരഞ്ഞെടുത്ത എച്ച്.എസ്.ഓമാരാണ് കമ്മീഷൻ അടിസ്ഥാനത്തിൽ വിപണന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നത്. നിലവിൽ 105 ഹോം ഷോപ്പ് ഓണർമാരുള്ള സംവിധാനത്തിൽ 200 എച്ച്.എസ്.ഒമാരെ നിയമിക്കുകയും മിനിമം 10,000 രൂപയുടെ സെയിൽസ് എന്ന നിലയിൽ ഒരു മാസം 20 ലക്ഷം രൂപയുടെ വിറ്റു വരവാണ് പ്രതീക്ഷിക്കുന്നത്. 2.5 കോടി രൂപയുടെ വാർഷിക വിറ്റുവരവിലൂടെ ഗ്രാമീണ സംരംഭകരുടെ വരുമാനം വർദ്ധിപ്പിക്കാൻ ഇതുവഴി സാധിക്കും. ഹോം ഷോപ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന എച്ച്.എസ്.ഒമാർക്ക് ആവശ്യമായ സെയിൽസിൽ പരിശീലനം, യൂണിഫോം, തിരിച്ചറിയൽ കാർഡ്, ബാഗ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ കുടുംബശ്രീ ജില്ലാ മിഷനിൽ നിന്നാണ് ലഭ്യമാക്കുന്നത്. രണ്ടു മാസത്തിനുള്ളിൽ ജില്ലയിലെ 512 വാർഡുകളിലും ഹോം ഷോപ്പ് ഓണർമാരെ വിന്യസിച്ചുകൊണ്ട് മാർക്കറ്റിംഗ് രംഗത്ത് വലിയ മാറ്റമാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.