- Trending Now:
തിരുവനന്തപുരം: വോട്ടർ പട്ടിക പുന:പരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കുന്നതിനുമായി സംസ്ഥാന വ്യാപകമായി പ്രത്യേക എൻ റോൾമെൻറ് ഡ്രൈവ് നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. ഡി. സജിത്ത് ബാബു അറിയിച്ചു. ഇതിനായി ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി.
ഒക്ടോബർ 15 മുതൽ 31 വരെ വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് ഫോറം വിതരണവും ഡിജിറ്റൽ ഹെൽപ് ഡെസ്കുകളും രൂപീകരിക്കും. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി അപേക്ഷകർ ഫോം 6 സമർപ്പിച്ചാൽ മതിയാകും. സിറ്റിസൺ സർവീസ് പോർട്ടൽ, വോട്ടർ ഹെൽപ് ലൈൻ ആപ് എന്നിവയിലൂടെ ഓൺലൈനായും അപേക്ഷ നൽകാം.
അപേക്ഷയോടൊപ്പം ഫോട്ടോ, വയസ്, മേൽവിലാസം എന്നിവ തെളിയിക്കുന്നതിനുള്ള അംഗീകൃത രേഖകളിൽ ഏതെങ്കിലും ഒന്ന് സമർപ്പിക്കണം. ആധാർ രേഖയായി സമർപ്പിക്കുന്നവർ മറ്റൊരു സപ്പോർട്ടിങ് ഡോക്യുമെൻറ് കൂടി നൽകണം. തുടർന്നുള്ള പരിശോധനകൾക്കായി ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) തങ്ങളുടെ പോളിങ് സ്റ്റേഷനുകളുടെ പരിധിയിലെ വീടുകളിലെത്തും.
2025 ജനുവരി ഒന്നിന് നിലവിലുണ്ടായിരുന്ന വോട്ടർ പട്ടികയും നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നിലവിൽ വന്ന വോട്ടർ പട്ടികയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ പരിശോധിക്കാൻ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് (ഇആർഒ) നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ എസ്ഐആർ സമയത്ത് തിരികെ ലഭിക്കാത്ത അപേക്ഷകളിൽ തെരഞ്ഞെടുപ്പിന് ശേഷം പ്രസിദ്ധീകരിച്ച പട്ടികയിൽ ഉൾപ്പെടാത്തവ സംബന്ധിച്ചും ഇആർഒ തലത്തിൽ പരിശോധന നടത്തും.
യുവവോട്ടർമാരിൽ വോട്ടർ അവബോധം ശക്തമാക്കുന്നതിൻറെ ഭാഗമായി കോളേജ്, ഹയർ സെക്കൻററി, സ്കൂൾ തലങ്ങളിൽ 'ക്യാമ്പസ് ടു ബൂത്ത്' എന്ന പേരിൽ പ്രത്യേക എൻ റോൾമെൻറ് ഡ്രൈവ് സംഘടിപ്പിക്കും. 'സ്റ്റെപ് ഫോർവേഡ്, ഗെറ്റ് കൗണ്ടഡ്' എന്ന ടാഗ് ലൈനോടെ നവംബർ 2 മുതൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ക്യാമ്പയിനാണ് നടത്തുന്നത്. ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകൾ വഴി പരമാവധി വിദ്യാർത്ഥികളെ തെരഞ്ഞെടുപ്പ് അവബോധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനുള്ള നടപടി ബന്ധപ്പെട്ട ജില്ലാ കളക്ടർമാർ സ്വീകരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.