Sections

ഭാരതത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ 3 ന്റെ വിക്ഷേപണം ഇന്ന് നടക്കും

Friday, Jul 14, 2023
Reported By Admin
Chandrayan III

ഐഎസ്ആർഒയുടെ ആസൂത്രിതമായ മൂന്നാമത്തെ ചന്ദ്രപരിവേഷണ ദൗത്യമാണ് ചന്ദ്രയാൻ 3. ഇത് വിജയമായാൽ ചന്ദ്രന്റെ ഉപരിതലത്തിൽ ബഹിരാകാശ പേടകം ഇറക്കുന്ന നാലാമത്തെ രാജ്യം എന്ന ബഹുമതി ഇന്ത്യയ്ക്ക് സ്വന്തമാക്കും. അമേരിക്ക, സോവിയേറ്റ് യൂണിയൻ ചൈന, എന്നിവർ മാത്രമാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും ജൂലൈ 14-ന് ചന്ദ്രയാൻ-3 വിക്ഷേപിക്കും. എൽവിഎം3 റോക്കറ്റ് ഉപയോഗിച്ചായിരിക്കും വിക്ഷേപണം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ഷെഡ്യൂൾ ചെയ്ത ലാൻഡിംഗ് ഓഗസ്റ്റ് 23ന് നടക്കുമെന്നാണ് പ്രതീക്ഷ. ചന്ദ്രയാൻ 2 ന് സമാനമായ ലാൻഡറും റോവറും ഇതിൽ അടങ്ങിയിരിക്കുന്നു. പക്ഷേ ഒരു ഓർബിറ്റർ (ഉപഗ്രഹം) ഉണ്ടാകില്ല.

ലാൻഡർ

ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗിന് സഹായിക്കുന്നത് ലാൻഡറാണ്. 800 ന്യൂട്ടൺ വീതമുള്ള നാല് ലാൻഡിംഗ് കാലുകളും, നാല് ലാൻഡിംഗ് ത്രസ്റ്ററുകളും ഉള്ള ഇത് ബോക്സ് ആകൃതിയിലാണ്.

റോവർ

ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കുകയും സാമ്പിളുകൾ ശേഖരിക്കുകയും ചന്ദ്രന്റെ ഭൂമിശാസ്ത്രപരവും രാസഘടനയും വിശകലനം ചെയ്യുകയും ചെയ്യുന്ന ഒരു മൊബൈൽ ലബോറട്ടറിയാണ് റോവർ.

2008 ഒക്ടോബർ 22നാണ് ഇന്ത്യ ചന്ദ്രയാൻ-1 വിക്ഷേപിക്കുന്നത്. ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് പിഎസ്എൽവി റോക്കറ്റ് ഉപയോഗിച്ചായിരുന്നു ചന്ദ്രയാൻ-1ന്റെ വിക്ഷേപണം. ചന്ദ്രനിൽ ജലത്തിന്റെ സാന്നിധ്യം കണ്ടുപിടിക്കുക എന്നതായിരുന്നു ചന്ദ്രിയൻ 1 ന്റെ ദൗത്യം.11 ഉപകരണങ്ങൾ ഉപയോഗിച്ചു കൊണ്ട് ചന്ദ്രനെ സൂക്ഷമമായി പഠനവിധേയമാക്കാൻ ചന്ദ്രയാൻ 1 സഹായിച്ചു. 10 മാസത്തെ പ്രവർത്തനത്തിന് ശേഷം 2009 ആഗസ്റ്റ് 29ന് ഓർബിറ്ററുമായുള്ള ബന്ധം നഷ്ടമായെങ്കിലും ചന്ദ്രയാൻ 1 രാജ്യത്തിൻറെ ബഹിരാകാശ പരിശ്രമങ്ങൾക്ക് വലിയ കുതിപ്പാണ് നൽകിയത്.

2019 ചന്ദ്രയാൻ 2 ദൗത്യത്തിൽ ലാൻഡിങ്ങിൽ ആണ് പ്രശ്നങ്ങൾ നേരിട്ടത്. ഉപഗ്രഹം ചന്ദ്രന്റെ ഭ്രമണപഥത്തിൽ വിജയകരമായി എത്തിയെങ്കിലും ചന്ദ്രന്റെ ഉപരിതലത്തിൽ ലാൻഡറിനും റോവറിനും വിജയകരമായി ലാൻഡ് ചെയ്യാൻ കഴിഞ്ഞില്ല. ഒരു ഉപഗ്രഹം, ലാൻഡർ, റോവർ എന്നിവ ചന്ദ്രനിലെത്തിക്കാൻ ലക്ഷ്യമിട്ട് നടത്തിയ ദൗത്യമായിരുന്നു ചന്ദ്രയാൻ-2. ഇതിനൊപ്പമയച്ച ഉപഗ്രഹം മുകളിൽ നിന്ന് ചന്ദ്രനെ കുറിച്ച് കൂടുതൽ പഠിക്കുന്നതിന് സഹായിച്ചു. ദൗത്യം പരാജയപ്പെട്ടത് സോഫ്റ്റ്വെയർ തകരാർ കാരണമെന്നായിരുന്നു ഐഎസ്ആർഒയുടെ കണ്ടെത്തൽ.

ചന്ദ്രയാൻ 3 ലക്ഷ്യം

  • ചന്ദ്രന്റെ ഉപരിതലത്തിൽ സുരക്ഷിതവും സോഫ്റ്റ് ലാൻഡിംഗ്.
  • കോടിക്കണക്കിന് വർഷങ്ങളായി സൂര്യപ്രകാശം ഏൽക്കാത്ത കിടക്കുന്ന മേഖലകളിൽ പര്യവേഷണം നടത്തുക എന്നതാണ് ചന്ദ്രയാൻ-3 ന്റെ പ്രധാന ലക്ഷ്യം. ഇരുണ്ട ഭാഗത്ത് ഐസ്, മൂല്യമേറിയ ധാതു ശേഖരം എന്നിവ എല്ലാമുണ്ടെന്നാണ് ശാസ്ത്രഞ്ജരും വാനനിരീക്ഷകരും കരുതുന്നത്.

പദ്ധതിച്ചെലവ്

ഐഎസ്ആർഒയുടെ കണക്കനുസരിച്ച് ചന്ദ്രയാൻ-3 പദ്ധതിയുടെ മൊത്തം ചെലവ് 615 കോടി രൂപയാണ്.

ചന്ദ്രയാൻ -3 നൊപ്പം ഗഗൻയാൻ പദ്ധതിയിലും ഇസ്റോ സമാന്തരമായി പ്രവർത്തിക്കുന്നുണ്ട്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ദൗത്യമാണ് ഗഗൻയാൻ. ചന്ദ്രയാൻ 3 വിജയിച്ചാൽ അത് ഗഗൻയാൻ പോലുള്ള പദ്ധതികൾക്കും ഊർജ്ജമാകും.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.