Sections

2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെത്തിയത് 81.04 ബില്യൺ യുഎസ് ഡോളർ നേരിട്ടുള്ള വിദേശ നിക്ഷേപം

Wednesday, May 28, 2025
Reported By Admin
FDI growth in India 2024-25 across services and manufacturing sectors

  • നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ 14% വർദ്ധനവ്; 19% വിഹിതവുമായി സേവന മേഖല മുന്നിൽ

നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ (FDI) കാര്യത്തിൽ നിക്ഷേപക സൗഹൃദ നയമാണ് സർക്കാർ പിന്തുടരുന്നത്. ഇതിന്റെ ഭാഗമായി സർക്കാരിന്റെയോ റിസർവ് ബാങ്കിന്റെയോ മുൻകൂർ അനുമതി കൂടാതെ മിക്ക മേഖലകളിലും 100% നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് വഴി തുറന്നിട്ടുണ്ട്. ആകർഷകവും മത്സരാധിഷ്ഠിതവുമായ നിക്ഷേപ കേന്ദ്രമായി ഇന്ത്യ തുടരുന്നുവെന്ന് ഉറപ്പാക്കാൻ ഈ നയം നിരന്തരം അവലോകനം ചെയ്യപ്പെടുന്നു. തത്ഫലമായി, നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ സ്ഥിരമായ വർദ്ധനവ് രേഖപ്പെടുത്തുന്നു - 2013-14 സാമ്പത്തിക വർഷത്തിലെ 36.05 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 2024-25 സാമ്പത്തിക വർഷത്തിൽ 81.04 ബില്യൺ യുഎസ് ഡോളറായി (താത്ക്കാലിക കണക്ക്) ഇത് ഉയർന്നു. 2023-24 സാമ്പത്തിക വർഷത്തിലെ 71.28 ബില്യൺ യുഎസ് ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ 14% വർദ്ധനവ് രേഖപ്പെടുത്തി.

2024-25 സാമ്പത്തിക വർഷത്തിൽ സേവന മേഖലയാണ് ഏറ്റവും കൂടുതൽ നേരിട്ടുള്ള വിദേശ നിക്ഷേപ വിഹിതം നേടിയത്. മൊത്തം നിക്ഷേപത്തിന്റെ 19% സേവന മേഖല ആകർഷിച്ചു. തൊട്ടു പിന്നിൽ കമ്പ്യൂട്ടർ സോഫ്റ്റ്വെയർ, ഹാർഡ്വെയർ (16%), വ്യാപാരം (8%) എന്നിവയായിരുന്നു. സേവന മേഖലയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം 40.77% വർദ്ധിച്ച് 9.35 ബില്യൺ യുഎസ് ഡോളറായി. മുൻ വർഷത്തെ 6.64 ബില്യൺ യുഎസ് ഡോളറിൽ നിന്ന് ഇത് 9.35 ബില്യൺ യുഎസ് ഡോളറായാണ് ഉയർന്നത്.

ഉത്പാദന മേഖലയിൽ, നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കേന്ദ്രമായി ഇന്ത്യ മാറുകയാണ്. 2024-25 സാമ്പത്തിക വർഷത്തിൽ 18% വർദ്ധനവ് രേഖപ്പെടുത്തി. 2023-24 സാമ്പത്തിക വർഷത്തിൽ 16.12 ബില്യൺ യുഎസ് ഡോളറായിരുന്നത് 19.04 ബില്യൺ യുഎസ് ഡോളറായി ഉയർന്നു.

2024-25 സാമ്പത്തിക വർഷത്തെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ, ഏറ്റവും ഉയർന്ന വിഹിതം (39%) മഹാരാഷ്ട്രയ്ക്കാണ്. തൊട്ടു പിന്നിൽ കർണാടക (13%), ഡൽഹി (12%) എന്നിവയുണ്ട്. നിക്ഷേപ ഉറവിട രാജ്യങ്ങളിൽ, 30% വിഹിതവുമായി സിംഗപ്പൂർ മുന്നിലും, മൗറീഷ്യസ് (17%), യുണൈറ്റഡ് സ്റ്റേറ്റ്സ് (11%) എന്നിവ തൊട്ടു പിന്നിലുമുണ്ട്.

കഴിഞ്ഞ പതിനൊന്ന് സാമ്പത്തിക വർഷങ്ങളിൽ (2014-25), ഇന്ത്യ 748.78 ബില്യൺ യുഎസ് ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിച്ചു. മുൻ പതിനൊന്ന് വർഷങ്ങളെ അപേക്ഷിച്ച് (2003-14) ഇത് 143% വർദ്ധനവ് കാണിക്കുന്നു. മുൻ പതിനൊന്ന് വർഷങ്ങളിൽ 308.38 ബില്യൺ യുഎസ് ഡോളറായിരുന്നു നേരിട്ടുള്ള വിദേശ നിക്ഷേപം.കഴിഞ്ഞ പതിനൊന്ന് സാമ്പത്തിക വർഷങ്ങളിലെ നേരിട്ടുള്ള വിദേശ നിക്ഷേപം കഴിഞ്ഞ 25 വർഷങ്ങളിലായി ലഭിച്ച 1,072.36 ബില്യൺ യുഎസ് ഡോളറിന്റെ ഏകദേശം 70% വരും.

കൂടാതെ, നേരിട്ടുള്ള വിദേശ നിക്ഷേത്തിന്റെ ഉറവിട രാജ്യങ്ങളുടെ എണ്ണം 2013-14 സാമ്പത്തിക വർഷത്തിലെ 89 ൽ നിന്ന് 2024-25 സാമ്പത്തിക വർഷത്തിൽ 112 ആയി വർദ്ധിച്ചു. ഇത് ഒരു നിക്ഷേപ ലക്ഷ്യസ്ഥാനമെന്ന നിലയിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ആഗോള താത്പര്യത്തെ വെളിവാക്കുന്നു.

നിയന്ത്രണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ, നേരിട്ടുള്ള വിദേശ നിക്ഷേപ മാനദണ്ഡങ്ങൾ ഉദാരവത്ക്കരിക്കുന്നതിനായി സർക്കാർ ഒന്നിലധികം മേഖലകളിൽ പരിവർത്തനാത്മക പരിഷ്ക്കാരങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. 2014നും 2019നും മധ്യേ, പ്രതിരോധം, ഇൻഷുറൻസ്, പെൻഷൻ മേഖലകളിലെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി വർദ്ധിപ്പിച്ചതും നിർമ്മാണം, വ്യോമയാനം, സിംഗിൾ ബ്രാൻഡ് റീട്ടെയിൽ ട്രേഡിംഗ് എന്നിവയ്ക്കുള്ള ഉദാരവത്കൃത നയങ്ങളും പ്രധാന പരിഷ്ക്കാരങ്ങളിൽ ഉൾപ്പെടുന്നു.

2019 മുതൽ 2024 വരെ, കൽക്കരി ഖനനം, കരാർ നിർമ്മാണം, ഇൻഷുറൻസ് മേഖലകളിൽ മുൻകൂർ അനുമതിയില്ലാതെ 100% നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചത് ശ്രദ്ധേയമായ പരിഷ്ക്കാരങ്ങളിൽ ഉൾപ്പെടുന്നു. 2025-ൽ, മുഴുവൻ പ്രീമിയവും ഇന്ത്യയ്ക്കുള്ളിൽ നിക്ഷേപിക്കുന്ന കമ്പനികൾക്ക് നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി 74% ൽ നിന്ന് 100% ആയി ഉയർത്താൻ കേന്ദ്ര ബജറ്റ് നിർദ്ദേശിച്ചു.

ഈ പ്രവണതകളും, ക്രിയാത്മക നയ ചട്ടക്കൂട്, വികസിച്ചുകൊണ്ടിരിക്കുന്ന ബിസിനസ് ആവാസവ്യവസ്ഥ, ഇന്ത്യയുടെ സാമ്പത്തിക പ്രതിരോധശേഷിയിലുള്ള വർദ്ധിച്ചുവരുന്ന അന്താരാഷ്ട്ര ആത്മവിശ്വാസം എന്നിവയും, ഒരു മുൻഗണനാ ആഗോള നിക്ഷേപ കേന്ദ്രമെന്ന നിലയിലുള്ള ഇന്ത്യയുടെ സ്ഥാനം ഊട്ടിയുറപ്പിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.