- Trending Now:
തിരുവനന്തപുരം: 2019 ഏപ്രിൽ ഒന്നിന് മുമ്പ് രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കുള്ള ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റുകൾ (എച്ച്എസ്ആർപി) സർക്കാർ അനുമതിയില്ലാതെ വ്യാപകമായി വിതരണം ചെയ്യുന്നതിലൂടെ സംസ്ഥാന ഖജനാവിന് ഏകദേശം 200 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് കണക്കാക്കുന്നതായി ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കി.
ഇത്തരം അനധികൃത വിൽപ്പന നടത്തുന്ന ലൈസൻസ് പ്ലേറ്റ് നിർമ്മാതാക്കൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്ന് സംഘടന സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിലെ (സിഎംവിആർ) ചട്ടം 50 ഉം 2018 ലെ ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റ് ഓർഡറും അനുസരിച്ചാണ് എച്ച്എസ്ആർപി വിതരണം ചെയ്യേണ്ടതെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.
ഇതനുസരിച്ച് 2019 ഏപ്രിൽ ഒന്നിന് ശേഷമുള്ള പുതിയ വാഹനങ്ങൾക്ക് രജിസ്ട്രേഷൻ അതോറിറ്റിയോ വാഹന നിർമ്മാതാക്കളോ അവരുടെ അംഗീകൃത ഡീലർമാരോ വഴി എച്ച്എസ്ആർപി നൽകാം. എന്നാൽ 2019 ഏപ്രിൽ ഒന്നിന് മുമ്പ് രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് സംസ്ഥാന സർക്കാരിൻറെ അംഗീകാരമുള്ള രജിസ്ട്രേഷൻ അതോറിറ്റി, വാഹന നിർമ്മാതാക്കൾ, അവരുടെ ഡീലർമാർ, അല്ലെങ്കിൽ സർക്കാർ അംഗീകാരമുള്ള ലൈസൻസ് പ്ലേറ്റ് നിർമ്മാതാക്കൾ, അവരുടെ ഡീലർമാർ എന്നിവർക്ക് മാത്രമേ എച്ച്എസ്ആർപി നൽകാൻ സാധിക്കൂ.
വാഹന നിർമ്മാതാക്കൾ അവരുടെ ഡീലർമാർക്ക് ശൂന്യമായ എച്ച്എസ്ആർപി പ്ലേറ്റുകൾ മാത്രമാണ് നൽകേണ്ടത്. വാഹന നമ്പർ പതിപ്പിക്കുന്നതും മൂന്നാമത്തെ രജിസ്ട്രേഷൻ അടയാളം അച്ചടിക്കുന്നതും വാഹനത്തിൽ പ്ലേറ്റ് ഘടിപ്പിക്കുന്നതും ഡീലർമാർ തന്നെയായിരിക്കണമെന്നും നിയമം വ്യക്തമാക്കുന്നു.
മൂന്നാം കക്ഷി ലൈസൻസ് പ്ലേറ്റ് നിർമ്മാതാക്കളെ പഴയ വാഹനങ്ങളുടെ ഉടമകൾക്ക് നേരിട്ട് എച്ച്എസ്ആർപി കൾ വിൽക്കുന്നതിന് അധികാരപ്പെടുത്താൻ വാഹന നിർമ്മാതാക്കളെയോ അവരുടെ ഡീലർമാരെയോ ചുമതലപ്പെടുത്താൻ നിയമത്തിൽ വ്യവസ്ഥയില്ലെന്ന് എച്ച്എസ്ആർപി അഖിലേന്ത്യ ട്രഷറർ കിഷോർ കെ കെ പറഞ്ഞു.
2026 ജൂൺ 16 ന് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം നൽകിയ അറിയിപ്പിലും 2019 ഏപ്രിൽ ഒന്നിന് മുമ്പുള്ള വാഹനങ്ങൾക്ക് എച്ച്എസ്ആർപി വിതരണം ചെയ്യുന്നതിന് സംസ്ഥാന സർക്കാരിൻറെ അംഗീകാരം നിർബന്ധമാണെന്ന് വ്യക്തമാക്കിയിരുന്നെന്നും കിഷോർ ചൂണ്ടിക്കാട്ടുന്നു.
ഇങ്ങനെയാണെങ്കിലും സംസ്ഥാന സർക്കാരിൻറെ അനുമതിയില്ലാതെ വാഹന നിർമ്മാതാക്കളുടെ അംഗീകാരമുണ്ടെന്ന് അവകാശപ്പെട്ട് നിരവധി ലൈസൻസ് പ്ലേറ്റ് നിർമ്മാതാക്കൾ പഴയ വാഹനങ്ങൾക്ക് എച്ച്എസ്ആർപി വിതരണം ചെയ്യുന്നുവെന്ന് അസോസിയേഷൻ ആരോപിക്കുന്നു.
കേരളത്തിൽ 2019 ഏപ്രിൽ ഒന്നിന് മുമ്പ് രജിസ്റ്റർ ചെയ്ത ഏകദേശം 1.3 കോടി വാഹനങ്ങളാണുള്ളത്. ഇവയ്ക്കുള്ള എച്ച്എസ്ആർപി വിതരണത്തിനായി സർക്കാർ ടെൻഡർ ക്ഷണിക്കുകയും ഓരോ പ്ലേറ്റിനും സർക്കാർ റോയൽറ്റി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. ഈ സംവിധാനത്തിന് പുറത്തുളള അനധികൃത വിൽപ്പന തുടരുന്നതിനാൽ സർക്കാർ റോയൽറ്റി നഷ്ടപ്പെടുകയാണെന്നും ഏകദേശം 200 കോടിയോളം രൂപ നഷ്ടമാകുമെന്നും അസോസിയേഷൻ വിലയിരുത്തുന്നു.
സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനങ്ങളെ തിരഞ്ഞെടുക്കാൻ സുതാര്യമായ ടെൻഡർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അനുമതിയില്ലാത്ത സ്ഥാപനങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കുന്നത് നിയമലംഘനത്തിനും സർക്കാരിന് വരുമാനം നഷ്ടമാകുന്നതിനും ഇടയാക്കുമെന്നും കിഷോർ വ്യക്തമാക്കുന്നു.
2019 ഏപ്രിൽ ഒന്നിന് മുമ്പ് രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ എച്ച്എസ്ആർപി ഘടിപ്പിച്ചിട്ടില്ലെങ്കിൽ ബന്ധപ്പെട്ട സംസ്ഥാന സർക്കാർ അംഗീകൃത വിതരണക്കാരെ നിയമിക്കുന്നതുവരെ പിഴ ഈടാക്കരുതെന്നാണ് കേന്ദ്രസർക്കാർ നിർദേശം. 2024 ൽ സംസ്ഥാന സർക്കാരും സമാന നിർദേശം നൽകിയിരുന്നു. അതനുസരിച്ച് 2019 ഏപ്രിൽ ഒന്നിന് മുമ്പ് കേരളത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് എച്ച്എസ്ആർപി നിർബന്ധമാക്കിയിട്ടില്ലെന്നും മറ്റ് സംസ്ഥാനങ്ങളിൽ ഓടുന്ന ഇത്തരം വാഹനങ്ങൾക്ക് പിഴ ചുമത്തരുതെന്നും വ്യക്തമാക്കിയിരുന്നു.
വാഹന നിർമ്മാതാക്കളും അവരുടെ അംഗീകൃത ഡീലർമാരും കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളും 2018 ലെ എച്ച്എസ്ആർപി ഉത്തരവും കർശനമായി പാലിക്കാൻ സംസ്ഥാന സർക്കാർ നിർദേശിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിൻറെ അനുമതിയില്ലാതെ പഴയ വാഹനങ്ങൾക്ക് എച്ച്എസ്ആർപി വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നാണ് അസോസിയേഷൻറെ ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.