Sections

രാജ്യത്ത് ആദ്യമായി ബയോമെഡിക്കൽ മാലിന്യ സംസ്‌കരണത്തിന് നൂതന സാങ്കേതികവിദ്യ അവതരിപ്പിച്ച് സിഎസ്ഐആർ-നിസ്റ്റ് കോൺക്ലേവ് 

Thursday, Mar 28, 2024
Reported By Admin
CSIR NIIST

  • രോഗകാരികളായ ബയോമെഡിക്കൽ മാലിന്യങ്ങളുടെ ഉറവിട സംസ്കരണം അനിവാര്യമെന്ന് വിദഗ്ദ്ധർ

തിരുവനന്തപുരം: സിഎസ്ഐആർ-നിസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ബയോമെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ് കോൺക്ലേവിൽ രോഗകാരികളായ ബയോമെഡിക്കൽ മാലിന്യ സംസ്കരണത്തിന് നൂതന സംവിധാനം അവതരിപ്പിച്ചു. പാപ്പനംകോടുള്ള കേന്ദ്ര ശാസ്ത്ര - സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള സി.എസ്.ഐ.ആർ- നിസ്റ്റും അങ്കമാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് സംരംഭം ബയോവാസ്തും സൊലൂഷൻസും സംയുക്തമായാണ് നവീന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.

ഒരു കിലോ മെഡിക്കൽ മാലിന്യം വെറും 3 മിനിട്ട് കൊണ്ട് കാർഷികാവശ്യത്തിനു അനുയോജ്യമായ സോയിൽ അഡിറ്റീവായി മാറ്റിയെടുക്കാൻ സാധിക്കുന്ന ഉത്പന്നമാണ് തങ്ങൾ വികസിപ്പിച്ചെടുത്തതെന്ന് ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ച സിഎസ്ഐആർ- നിസ്റ്റ് ഡയറക്ടർ ഡോ.സി.അനന്തരാമകൃഷ്ണൻ പറഞ്ഞു. പുതിയ സാങ്കേതികവിദ്യയുടെ സഹായത്താൽ രോഗകാരികളായ മെഡിക്കൽ മാലിന്യങ്ങൾ ചെലവ് കുറഞ്ഞ രീതിയിൽ ആശുപത്രികളിൽ തന്നെ സംസ്ക്കരിക്കാൻ കഴിയുമെന്ന് ബയോ വാസ്തും സൊല്യൂഷൻസ് മാനേജിംഗ് ഡയറക്ടർ ജോഷി വർക്കി പറഞ്ഞു. സുരക്ഷിതമായി മെഡിക്കൽ മാലിന്യങ്ങൾ സംസ്ക്കരിക്കുന്നതിൽ വലിയ വെല്ലുവിളികൾ നേരിടുന്ന ആശുപത്രികൾക്കും ആരോഗ്യവകുപ്പിനും ഈ സാങ്കേതികവിദ്യ വലിയൊരു ആശ്വാസമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാവിലെ ബയോമെഡിക്കൽ മാലിന്യ സംസ്കരണത്തിന്റെ പ്രധാന്യം എന്ന വിഷയത്തിൽ വിദഗ്ദ്ധർ പങ്കെടുത്ത പാനൽ ചർച്ച നടന്നു.
ബയോമെഡിക്കൽ മാലിന്യങ്ങളിൽ നിന്നും പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിന് അതിന്റെ ഉറവിടങ്ങളിൽ നിന്നും അത് ജലത്തിലൂടെയോ അന്തരീക്ഷത്തിലൂടെയോ മനുഷ്യനിലേക്കോ മൃഗങ്ങളിലേക്കോ എത്തിച്ചേരുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ചർച്ചയിൽ പങ്കെടുത്ത വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.
ഓരോ ആശുപത്രികളിലും ബയോമെഡിക്കൽ മാലിന്യങ്ങളുടെ അളവ് ഇക്കാലത്ത് ക്രമാധീതമായി വർധിച്ചിട്ടുണ്ടെന്നും ഇവയൊന്നും കൃത്യമായി സംസ്കരിക്കാനായില്ലെങ്കിൽ രോഗവ്യാപനം സംഭവിക്കുമെന്നും ആരോഗ്യ വിദഗ്ദ്ധർ പറഞ്ഞു. അപകടകാരികളായ ബയോമെഡിക്കൽ മാലിന്യങ്ങൾ കൃത്യമായി ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കുന്നതിനുള്ള വികേന്ദ്രീകൃതമായ പരിഹാരങ്ങളാണ് ബയോമെഡിക്കൽ മാലിന്യ സംസ്കരണം സംബന്ധിച്ച പാനൽ ചർച്ചയിൽ പ്രധാനമായും ഉരുത്തിരിഞ്ഞത്.

രാവിലെ നടന്ന സമ്മേളനം ന്യൂഡൽഹി എയിംസ് ഡയറക്ടർ ഡോ.എം.ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു.
ഡി.എസ്.ഐ.ആർ സെക്രട്ടറിയും സി എസ് ഐ ആർ ഡയറക്ടർ ജനറലുമായ ഡോ.എൻ കലൈസെൽവി അധ്യക്ഷത വഹിച്ചു. ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർ ഡോ.സഞ്ജയ് ബെഹാരി, കേരള സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡ് ചെയർ പേഴ്സൺ ശ്രീകല എസ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സ്റ്റേറ്റ് പ്രസിഡന്റ് ഡോ.ജോസഫ് ബെനാവെൻ, നാഗ്പൂർ ഐ.സി.എം.ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒക്യുപേഷണൽ ഹെൽത്ത് ഡയറക്ടർ ഇൻചാർജും പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വൈറോളജിയിലെ ബി.എസ്.എൽ - 4 ഫെസിലിറ്റി വിഭാഗം മേധാവിയുമായ ഡോ. പ്രഖ്യാ യാദവ് , തിരുവനന്തപുരം നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ് ഫൈസൽ ഖാൻ, സെൻട്രൽ പൊല്യൂഷൻ കണ്ട്രോൾ ബോർഡ് റീജിയണൽ ഡയറക്ടർ ജെ. ചന്ദ്ര ബാബു, നിസ്റ്റ് സീനിയർ സയിന്റിസ്റ്റ് ഡോ. ശ്രീജിത്ത് ശങ്കർ, എന്നിവർ കോൺക്ലേവിൽ പങ്കെടുത്ത് സംസാരിച്ചു. രാജ്യത്തെ പ്രമുഖ മെഡി. കോളജ്, ആശുപത്രി എന്നിവടങ്ങളിലെ വിദഗ്ദ്ധർ, നയരൂപകർത്താക്കൾ,എൻജിഒ, സാങ്കേതിക വിദഗ്ദ്ധർ എന്നിവർ ഉൾപ്പെടെ 250 ൽ അധികം ഡെലിഗേറ്റ്സുകൾ കോൺക്ലേവിൽ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.