Sections

ബിനാലെ വേദികൾ സന്ദർശിച്ച് ജില്ലാകളക്ടർ

Saturday, Dec 06, 2025
Reported By Admin
Collector Reviews Venues for Upcoming Kochi-Muziris Biennale

  • ബിനാലെ വേദികളിൽ ശുചീകരണ പ്രവർത്തനങ്ങളുമായി സംസ്ഥാന സാമൂഹിക സന്നദ്ധ സേന

കൊച്ചി: അടുത്തയാഴ്ച ആരംഭിക്കുന്ന കൊച്ചി-മുസിരിസ് ബിനാലെ ആറാം ലക്കത്തിന്റെ വിവിധ വേദികൾ ജില്ലാകളക്ടർ പ്രിയങ്ക ജി സന്ദർശിച്ചു. ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലെ വേദികൾ സന്ദർശിച്ച കളക്ടർ കൊച്ചി ബിനാലെ ഫൗണ്ടേഷൻ അധികൃതരുമായി ആശയവിനിമയം നടത്തി.

ഏഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാമേളകളിലൊന്നായ കൊച്ചി മുസിരിസ് ബിനാലയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് ജില്ലയ്ക്ക് അഭിമാനകരമാണെന്ന് കളക്ടർ പറഞ്ഞു. മേളയുടെ സുഗമമായ നടത്തിപ്പിന് ജില്ലാഭരണ കൂടത്തിന്റെ എല്ലാ സഹായസഹകരണങ്ങളും കളക്ടർ വാഗ്ദാനം ചെയ്തു.

സംസ്ഥാന സാമൂഹിക സന്നദ്ധസേനാ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ സന്നദ്ധ പ്രവർത്തകർ പശ്ചിമകൊച്ചിയിലെ 20 ഓളം ബിനാലെ വേദികളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. എറണാകുളം ജില്ലയിൽ നിന്നുള്ള മൂന്ന് കോളേജുകളിൽ നിന്നുള്ള 140 വിദ്യാർത്ഥികളാണ് ഇതിൽ പങ്കെടുത്തത്. സെ. തേരേസാസ് കോളേജ്, സേക്രഡ് ഹാർട്ട് കോളേജ് തേവര, കൊച്ചിൻ കോളേജ് എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാർത്ഥികൾ പങ്കെടുത്തത്. ശുചീരണ പ്രവർത്തനങ്ങൾ നടത്തിയ വിദ്യാർഥികളുമായും ജില്ലാകളക്ടർ ആശയവിനിമയം നടത്തി.

കൊച്ചി മുസിരിസ് ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, ബിനാലെ ട്രസ്റ്റി അംഗം ബോണി തോമസ് തുടങ്ങിയവർ വിദ്യാർത്ഥികളുമായി സംസാരിച്ചു. 2020 ലാണ് സംസ്ഥാന സർക്കാർ സാമൂഹിക സന്നദ്ധ സേനാ ഡയറക്ടറേറ്റിന് രൂപം നൽകിയത്. അത്യാവശ്യ ഘട്ടങ്ങളിൽ അടിയന്തരാവശ്യങ്ങൾക്ക് സേവനം നൽകാനുള്ള പരിശീലനം യുവജനതയ്ക്ക് നൽകുകയും സന്നദ്ധ പ്രവർത്തനങ്ങൾക്ക് പ്രേരണ നൽകുകയുമാണ് ഇതിന്റെ ലക്ഷ്യമെന്ന് സംസ്ഥാന പ്രൊജക്ട് കോ-ഓർഡിനേറ്റർ ആര്യ അനിൽ പറഞ്ഞു.

ശുചീകരണ പ്രവർത്തനങ്ങൾക്കൊപ്പം ഒരു ആർട്ട് സ്പെയ്സ് രൂപപ്പെട്ട് വരുന്നതെങ്ങനെയെന്ന് നേരിട്ട് കാണാൻ പറ്റിയെന്ന് ബിനാലെ വേദിയായ പെപ്പർ ഹൗസിലെ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്ത തേവര സേക്രഡ് ഹാർട്ട് കോളേജിലെ രണ്ടാം വർഷം ബോട്ടണി വിദ്യാർഥിനിയായ എൽസ മറിയം എബ്രഹാം പറഞ്ഞു. ശുചീകരണ പ്രവർത്തനങ്ങൾക്കൊപ്പം ജില്ലാകളക്ടറുമായി സംസാരിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചത് മികച്ച അനുഭവമായെന്ന് സെ. തെരേസാസ് കോളേജിലെ ഗ്രീൻ പ്രോട്ടോക്കോൾ മേധാവിയും കമ്പ്യൂട്ടർ സയൻസ് അധ്യാപികയുമായ ജനീന ഷാജു പറഞ്ഞു.

ഗോവയിലെ എച് എച് ആർട്ട് സ്പേസുമായി ചേർന്ന് പ്രശസ്ത കലാകാരൻ നിഖിൽ ചോപ്രയാണ് കൊച്ചി ബിനാലെ ആറാം ലക്കം ക്യൂറേറ്റ് ചെയ്യുന്നത്. ഡിസംബർ 12 ന് ആരംഭിച്ച് 110 ദിവസത്തെ പ്രദർശനത്തിന് ശേഷം മാർച്ച് 31 ന് ബിനാലെ അവസാനിക്കും. ഫോർ ദി ടൈം ബീയിംഗ് എന്ന പ്രമേയത്തിൽ നടക്കുന്ന ആറാം ലക്കത്തിൽ 22 ബിനാലെ വേദികളും 7 കൊളാറ്ററൽ വേദികളുമാണ് ഉള്ളത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.