Sections

ചരിത്രത്തിലെ മുസിരിസ് കയ്യൊപ്പ് അവതരിപ്പിക്കുന്ന 'ആഴി' കലാ പ്രദർശനം

Thursday, Jan 08, 2026
Reported By Admin
‘Azhi’ Art Exhibition Showcases Musiris’ Ancient Legacy

കൊച്ചി: പ്രാചീന ഭാരതത്തിൽ മുസിരിസ് വഴി കേരളം ചാർത്തിയ കയ്യൊപ്പുകൾ അവതരിപ്പിക്കുന്ന 'ആഴി' കലാപ്രദർശനം ജനശ്രദ്ധയാകർഷിക്കുന്നു. ആഴി ആർക്കൈവ്സ് ആർട്ട് പ്രൊജക്ട്സ്, കേരള പുരാവസ്തു വകുപ്പ്, മുസിരിസ് പ്രൊജക്ട്സ് ലിമിറ്റഡ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഈ സമകാലീന പ്രദർശനം നടക്കുന്നത്.

അന്താരാഷ്ട്ര സ്പൈസ് റൂട്ട് സമ്മേളന വേദിയിലും ആഴി പ്രദർശനം സംഘടിപ്പിച്ചിട്ടുണ്ട്. ചവിട്ടുനാടകം, പ്രവാസി ജീവിതം, കേരളത്തിലെ സിറിയൻ കൃസ്ത്യൻ ജീവിതം തുടങ്ങിയവയാണ് ബോൾഗാട്ടി കൺവെൻഷൻ സെൻറർ വേദിയിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. മറ്റ് പ്രദർശനങ്ങൾ മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിലെ വേദികളിലാണ്.

മട്ടാഞ്ചേരി ജിഞ്ചർ ഹോട്ടലിൽ ഒരുക്കിയിരിക്കുന്ന ഡോക്യുമൻററി പ്രദർശനം കാഴ്ചക്കാരനെ പിടിച്ചിരുത്തുന്നതാണ്. എന്നോ മറഞ്ഞ് പോയ വെസ്റ്റ് കോസ്റ്റ് കനാലിൻറെ ചരിത്രമാണ് ജലമുദ്ര എന്ന ഹ്രസ്വചിത്രത്തിലൂടെ പി അജിത്കുമാർ പ്രേക്ഷകൻറെ മനസിൽ കോറിയിടുന്നത്. തിരുവനന്തപുരം മുതൽ കൊച്ചി വഴി കോട്ടപ്പുറം വരെ നീണ്ട ഈ കനാലിൻറെ വഴികളിലൂടെ സഞ്ചരിക്കുമ്പോൾ കേരള ചരിത്രത്തിൻറെ പ്രാചീനവും താരതമ്യേന ആധുനികവുമായ ഏടുകളിലൂടെയാണ് സഞ്ചരിക്കുന്നത്. കുമാരനാശാൻറെ മരണം നടന്ന പല്ലന ബോട്ടപകടം, ആലപ്പുഴയുടെ വാണിജ്യപ്രാധാന്യം, മുസിരിസ്, കൊച്ചി, എന്നിവിടങ്ങളിലൂടെയാണ് കനാലിൻറെ ദൃശ്യങ്ങളിലൂടെ കാഴ്ചക്കാരനും സഞ്ചരിക്കുന്നത്.

ഫോർട്ട് കൊച്ചി കാരാ ആർട്ട് ഗാലറിയിലെ ആർക്കിയോ ലോജിക്കൽ ക്യാമറ എന്ന പ്രദർശനം ചരിത്രത്തിൽ മുസിരിസ് നടത്തിയ കയ്യൊപ്പുകൾ വിശദീകരിക്കുന്നതാണ്. എടയ്ക്കൽ, മറയൂർ, തോവാരി, എട്ടുകുടുക്ക തുടങ്ങിയ സ്ഥലങ്ങളിലെ ശിലാലിഖിതങ്ങൾ, ആനക്കര, കാടാമ്പുഴ, കക്കോടി, പറമ്പത്ത്കാവ്, പട്ടണം എന്നിവിടങ്ങളിൽ പുരാവസ്തു ഗവേഷക വകുപ്പ് നടത്തിയ ഉദ്ഖനനങ്ങളുടെ ഫോട്ടോകളും വിശദാംശങ്ങളും നൽകിയിരിക്കുന്നു.

ചരിത്രപരമായ പ്രാധാന്യത്തോടൊപ്പം മുസിരിസ് എന്നത് സാംസ്ക്കാരികവും പൈതൃകവും കലാപരവുമായ അനുഭവമാണെന്ന് മുസിരിസ് പ്രൊജക്ട്സ് എംഡി ഷാരോൺ വി ചൂണ്ടിക്കാട്ടി. ലോകത്തെ ഏറ്റവും പൈതൃക സമ്പത്തുള്ള സ്ഥലങ്ങളിലൊന്നായ മുസിരിസിനെ സമഗ്രമായ ചരിത്രപ്രദേശമായി അവതരിപ്പിക്കാൻ ഈ പ്രദർശനങ്ങൾ ഏറെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മട്ടാഞ്ചേരി ഉരു ആർട്ട് ഹാർബറിൽ ശിൽപി രാജൻറെ പ്രദർശനവും, കാശി ഹലുഗയിൽ പന്ത്രണ്ടോളം ആർട്ടിസ്റ്റുകൾ പങ്കെടുക്കുന്ന പ്രദർശനവും ആഴി ആർക്കൈവ്സിൻറെ ഭാഗമാണ്. റിയാസ് കോമുവാണ് ആർട്ടിസ്റ്റിക് ഡയറക്ടർ, സി എസ് വെങ്കിടേശ്വരൻ, എം എച് ഇല്യാസ്, അമൃത് ലാൽ എന്നിവർ ക്യൂററ്റോറിയൽ ഉപദേഷ്ടാക്കളാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.