- Trending Now:
കൊച്ചി: രാജ്യത്തെ പ്രമുഖ വെയർഹൗസ് ആൻഡ് ലോജിസ്റ്റിക്സ് കമ്പനിയായ അവിഗ്ന 150 കോടിയുടെ നിക്ഷേപവുമായി കേരളത്തിലേക്ക്. അങ്കമാലി പുളിയനത്ത് നിർമ്മാണം പൂർത്തീകരിച്ച ലോജിസ്റ്റിക് പാർക്കിന്റെ ഉദ്ഘാടനം നവംബർ മൂന്നിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിക്കും. ചെന്നൈ ആസ്ഥാനമായി പ്രവർത്തനം തുടങ്ങിയ കമ്പനിയുടെ കേരളത്തിലെ ആദ്യ പാർക്കാണ് അങ്കമാലിയിലേത്. സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയ്ക്ക് മുതൽക്കൂട്ടാകുന്ന ഈ പദ്ധതിയിലൂടെ 1500 പേർക്ക് പ്രത്യക്ഷമായും 250-ലധികം പേർക്ക് പരോക്ഷമായും തൊഴിൽ അവസരമൊരുക്കിയിട്ടുണ്ട്.
21.35 ഏക്കറിൽ അഞ്ച് ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയാണ് പാർക്ക് സജ്ജമാക്കിയിരിക്കുന്നത്. കേരളത്തെ ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സംരംഭം സംസ്ഥാനത്തെ ആധുനിക വെയർഹൗസ്, ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യ വികസന രംഗത്ത് വൻ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കും. ഇതിനോടകം ആമസോൺ, ഡിപി വേൾഡ്, ഫ്ലിപ്കാർട്ട്, റെക്കിറ്റ്, സോണി, ഫ്ലൈജാക്ക് തുടങ്ങിയ ആഗോള വൻകിട കമ്പനികൾ ഇവിടെ പ്രവർത്തനം തുടങ്ങിയതായി അധികൃതർ അറിയിച്ചു.
നവംബർ മൂന്നിന് വൈകുന്നേരം 4.30 ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ അവിഗ്ന ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എസ്. രാജശേഖരൻ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയാകും. ബെന്നി ബെഹനാൻ എം.പി, റോജി എം. ജോൺ എം.എൽ.എ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്, എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഐ.എ.എസ്, കെ.എസ്.ഐ.ഡി.സി. മാനേജിംഗ് ഡയറക്ടർ വിഷ്ണുരാജ് ഐ.എ.എസ്., പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ജയദേവൻ എസ്. വി, വാർഡ് കൗൺസിലർ രാജമ്മ എന്നിവർ സംസാരിക്കും.
ദക്ഷിണേന്ത്യയിൽ ശക്തമായ സാന്നിധ്യമുള്ള കമ്പനിക്ക് തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഇൻഡസ്ട്രിയൽ ലോജിസ്റ്റിക്സ് പാർക്കുകൾ ഉണ്ട്. ഹൊസൂറിലെ 200 ഏക്കറിൽ സ്ഥിതി ചെയ്യുന്ന 6 ദശലക്ഷം (60 ലക്ഷം) ചതുരശ്രയടി വിസ്തൃതിയിലുള്ള പാർക്കാണ് അവിഗ്നയുടെ രാജ്യത്തെ ഏറ്റവും വലിയ പദ്ധതി. 50 വർഷത്തിലധികം പ്രവർത്തന പാരമ്പര്യമുള്ള അവിഗ്ന ഗ്രൂപ്പിന് ടെക്സ്റ്റൈൽസ്, വിദ്യാഭ്യാസം, റിയൽഎസ്റ്റേറ്റ് എന്നീ മേഖലകളിലും പങ്കാളിത്തമുണ്ട്. പത്രസമ്മേളനത്തിൽ അവിഗ്ന ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എസ്. രാജശേഖരൻ, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സുബോദ് മിശ്ര എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.