- Trending Now:
കൊച്ചി: ഇന്ത്യയുടെ വൈവിദ്യമാർന്ന ഭക്ഷണ പാരമ്പര്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ആഭ്യന്തര- അന്താരാഷ്ട്ര വിമാന സർവ്വീസുകളിൽ പുതുക്കിയ ഭക്ഷണ മെനു അവതരിപ്പിച്ച് എയർ ഇന്ത്യ. ഇന്ത്യൻ രുചികളും അന്താരാഷ്ട്ര വിഭവങ്ങളും ഉൾപ്പെടുത്തിയതാണ് പുതിയ മെനു. കേരളത്തിലെ മലബാർ ചിക്കൻ കറിയും ബിരിയാണിയും ജാപ്പനീസ്, കൊറിയൻ, യൂറോപ്പിയൻ, പശ്ചിമേശ്യൻ വിഭവങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫസ്റ്റ്ക്ലാസ്, ബിസിനസ് ക്ലാസ്, പ്രീമിയം ഇക്കണോമി തുടങ്ങി എല്ലാ വിഭാഗം യാത്രക്കാർക്കും പ്രത്യേകം ഓപ്ഷനുകളുണ്ട്. ഡൽഹിയിൽ നിന്ന് ലണ്ടൻ(ഹീത്രോ), ന്യൂയോർക്ക്, മെൽബൺ, സിഡ്നി, ടൊറന്റോ, ദുബായ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ഉൾപ്പെടെ ഇന്ത്യക്ക് പുറത്തേക്കുള്ള മിക്ക അന്താരാഷ്ട്ര റൂട്ടുകളിലും പുതിയ മെനു ഇതിനകം അവതരിപ്പിച്ചു. മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നും സാൻ ഫ്രാൻസിസ്കോയിലേക്കും മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്കുമുള്ള വിമാനങ്ങളിലും പുതിയ മെനു ലഭ്യമാണ്.
ഘട്ടം ഘട്ടമായി എല്ലാ അന്താരാഷ്ട്ര, ആഭ്യന്തര റൂട്ടുകളിലേക്കും പുതിയ മെനു വ്യാപിപ്പിക്കും. ഫസ്റ്റ്/ബിസിനസ് ക്ലാസിലുള്ളവർക്ക് വെജ് താലിയിൽ ആവധി പനീർ അൻജീർ പസന്ദ, നോൺ വെജ് താലിയിൽ മുർഗ് മസ്സാല, സൗത്ത് ഇന്ത്യൻ പ്ലാറ്റർ എന്നിവ ലഭിക്കും. പ്രീമിയം ഇക്കണോമി ക്ലാസിലുള്ളവർക്ക് രാജസ്ഥാനി ബേസൻ ചില്ല, മലബാറി ചിക്കൻ കറി, മലായ് പാലക് കോഫ്ത എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
അന്താരാഷ്ട്ര യാത്രകളിൽ ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് ജാപ്പനീസ് ടെപ്പാനിയാക്കി ബൗൾ, സിട്രസ് ടൈഗർ പ്രോൺസ്, ഓറിയന്റൽ നാപ്പാ കാബേജ്, ടൊഫു റോൾമോപ്സ് എന്നിവയും ബിസിനസ് ക്ലാസിൽ സിയോൾ ഫ്ളേംഡ് പ്രോൺസ്, മനികോട്ടി ഫോറസ്റ്റിയർ, മെഡിറ്ററേനിയൻ ടാപ്പാസ് എന്നിവയും ലഭിക്കും. ജെൻസി പ്രിയർക്കായി ചിക്കൻ ബിബിംബാപ്, മാച്ചാ ഡെലിസ് പോലുള്ള വിഭവങ്ങളും ബിസിനസ് ക്ലാസിൽ ലഭിക്കും. പ്രത്യേക ഡയറ്റ് ഓപ്ഷനുകളും ഉൾപ്പടെ 18ലധികം പ്രത്യേക വിഭവങ്ങളാണ് എയർ ഇന്ത്യയിലുള്ളത്. ഷെഫ് സന്ദീപ് കൽറയാണ് പുതിയ ഭക്ഷണ മെനു രൂപകൽപ്പന ചെയ്തത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ എയർ ഇന്ത്യ മൊബൈൽ ആപ്പിലൂടെ ഇഷ്ടപ്പെട്ട ഭക്ഷണം മുൻകൂർ തിരഞ്ഞെടുക്കാൻ സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.