Sections

കൃഷി വകുപ്പ് ഫാമുകളെ കാർബൺ തുലിതമാക്കും: മന്ത്രി പി പ്രസാദ്

Saturday, Oct 14, 2023
Reported By Admin
Millets

ചെറുധാന്യങ്ങളുടെ സാങ്കേതിക വിദ്യകൾ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർച്ചുമായി ധാരണാപത്രം ഒപ്പുവച്ചു


കൃഷിവകുപ്പ് ഫാമുകൾ കാർബൺ തുലിതമാക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കൃഷിവകുപ്പിലെ തിരഞ്ഞെടുക്കപ്പെട്ട 13 ഫാമുകളെ കാർബൺ തുലിത കൃഷി ഫാമുകളായി ഉയർത്തുന്നതിനുള്ള ദ്വിദിന സംസ്ഥാനതല ശില്പശാലയുടെ ഉദ്ഘാടനം ആലുവ പാലസിൽ നടന്ന ചടങ്ങിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

വിവിധ മാർഗങ്ങളിലൂടെ കാർബൺ ബഹർഗമനം കുറക്കുക എന്ന ആശയത്തിൽ കാർബൺ തുലിതമായ ഇന്ത്യയിലെ ആദ്യ ഫാമായി ആലുവ വിത്തുല്പാദന കേന്ദ്രത്തെ ഉയർത്തുകയും തുടർന്ന് സംസ്ഥാനത്തെ 13 ഫാമുകളെ കൂടി കാർബൺ തുലിതമാക്കുവാൻ തീരുമാനിക്കുകയും ചെയ്തു. പ്രവർത്തനങ്ങൾക്ക് ഗതിവേഗം നൽകുന്നതിന്റെ ഭാഗമായാണ് ദ്വിദിന ശില്പശാല സംഘടിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.

കേരളജനതയുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകി കാർഷിക മേഖലയെ കൂടുതൽ ഫലപ്രദമാക്കുന്നതിന് പോഷകസമൃദ്ധി മിഷൻ രൂപീകരിച്ചു നടപ്പിലാക്കി വരുന്നു. പോഷക സമൃദ്ധമായ സുരക്ഷിത ഭക്ഷണം എന്ന ലക്ഷ്യത്തോടെ ഉല്പാദന മേഖല മുതൽ വിപണന മേഖല വരെ സമഗ്രമായി സംയോജിപ്പിച്ചു കർഷകരുടെ വരുമാനം വർധിപ്പിക്കുക എന്നതും പോഷകസമൃദ്ധി മിഷന്റെ ലക്ഷ്യമാണ്. പദ്ധതി പ്രകാരം സംസ്ഥാനത്തൊട്ടാകെ എല്ലാ ജില്ലകളിലും ചെറുധാന്യങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ചെറുധാന്യങ്ങളും അവയുടെ മൂല്യവർധിത ഉൽപ്പന്നങ്ങളും കേരളാഗ്രോ ബ്രാൻഡിന് കീഴിൽ വിവിധ ഓൺലൈൻ/ഓഫ് ലൈൻ പ്ലാറ്റ്ഫോമുകളിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കും. പ്രാദേശിക തലങ്ങളിൽ സംസ്കരണ യൂണിറ്റുകൾ നിർമ്മിക്കുന്നതിലൂടെയും ഗ്രാമീണ - നഗര കേന്ദ്രങ്ങളിലെ വിപണികളിൽ ചെറുധാന്യങ്ങളുടെയും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെയും ലഭ്യത ഉറപ്പു വരുത്തുന്നതിലൂടെയും വിഭവ ശേഷി വർദ്ധിപ്പിക്കുന്നതിലൂടെയും മൂല്യവർധനയ്ക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കുന്നതിലൂടെയും കേരളത്തിൽ ചെറുധാന്യങ്ങളുടെ ലഭ്യതയും ഉപഭോഗവും വർധിപ്പിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർച്ചുമായി ധാരണ പത്രം ഒപ്പ് വയ്ക്കുന്നത് വഴി ചെറുധാന്യങ്ങളുടെ സംസ്കരണം, മൂല്യവർധന, വിപണനം കൂടാതെ ബ്രാൻഡിങ് എന്നീ മേഖലകൾ കൂടുതൽ കാര്യക്ഷമമാക്കാനാകും. ഈ വിഷയത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർച്ച് കൺസൾട്ടന്റായി പ്രവർത്തിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ പോഷക സമൃദ്ധി മിഷന്റെ ഭാഗമായി കൃഷി വകുപ്പും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർച്ചുമായി ചെറുധാന്യങ്ങളുടെ സാങ്കേതിക വിദ്യകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ധാരണപത്രം കൃഷി വകുപ്പ് ഡയറക്ടർ കെ.എസ് അഞ്ജുവും ഐഐഎംആർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ബി ദയാകർ റാവുവും ചേർന്ന് ഒപ്പുവച്ചു.

കൃഷി വകുപ്പ് ഡയറക്ടർ കെ. എസ് അഞ്ജു അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയ ഡയറക്ടർ ഡോ. കടമ്പോട്ട് എച്ച് എം സിദ്ദിഖ്, കാർഷിക വിലനിർണ്ണയ ബോർഡ് ചെയർമാൻ പി. രാജശേഖരൻ, കൃഷി അഡീഷണൽ ഡയറക്ടർമാരായ ജോർജ് സെബാസ്റ്റ്യൻ, ബീന മോൾ ആന്റണി, ലൂയിസ് മാത്യു, പ്രിൻസിപ്പൽ കൃഷി ഓഫീസർ ബിൻസി എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.

രണ്ട് ദിവസമായി ആലുവ പാലസിൽ നടക്കുന്ന ശില്പശാലയിൽ വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.