Sections

ആധാറും പാന്‍കാര്‍ഡും ബാങ്ക് അക്കൗണ്ടിന് വേണ്ട

Friday, Sep 02, 2022
Reported By admin
business

സമീപകാലത്തായി കെവൈസി ആയി ആധാര്‍ കാര്‍ഡിനാണ് ബാങ്കുകള്‍ അടക്കമുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍ മുന്‍തൂക്കം നല്‍കുന്നത്

 

നമ്മള്‍ക്ക് ഒരു ബാങ്ക് അക്കൗണ്ട് എടുക്കണമെങ്കില്‍ കെവൈസി ആയി ആധാറോ പാന്‍കാര്‍ഡോ നിര്‍ബന്ധമാണ്.എന്നാല്‍ ഇനി മുതല്‍ ഇതൊന്നും വേണ്ടിവരില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ബാങ്ക് അക്കൗണ്ട് തുറക്കുക, ലോക്കര്‍ വാടകക്ക് എടുക്കുക, ബോണ്ടുകളില്‍ നിക്ഷേപം നടത്തുക, മ്യൂച്വല്‍ഫണ്ട്, ഓഹരികള്‍, ഇന്‍ഷൂറന്‍സ് എന്നിവ അടക്കമുള്ള സാമ്പത്തിക സേവനങ്ങള്‍ക്കൊക്കെ കെവൈസി രേഖകളുടെ പകര്‍പ്പുകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. എന്നാല്‍ ഉടന്‍ തന്നെ ഈ ചട്ടങ്ങള്‍ മാറ്റാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാണ് വിവരം.

ഉപഭോക്താവിനെ തിരിച്ചറിയുന്നതിനുള്ള രേഖയാണ് കെവൈസി. പാന്‍കാര്‍ഡ്,ആധാര്‍ കാര്‍ഡ് ,പാസ്പോര്‍ട്ട്,വോട്ടര്‍ഐഡി ,ഡ്രൈവിങ് ലൈസന്‍സ് എന്നിവയാണ് പൊതുവായി അംഗീകരിച്ചിട്ടുള്ള കെവൈസി രേഖകള്‍. സമീപകാലത്തായി കെവൈസി ആയി ആധാര്‍ കാര്‍ഡിനാണ് ബാങ്കുകള്‍ അടക്കമുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍ മുന്‍തൂക്കം നല്‍കുന്നത്. ഒരു വ്യക്തി ബന്ധപ്പെട്ട സാമ്പത്തിക അധികാരികളോ അതിന്റെ പ്രതിനിധികളോ ഇന്‍ പേഴ്‌സണല്‍ വെരിഫിക്കേഷനായി (ഐപിവി) ഒറിജിനല്‍ ഡോക്യുമെന്റുകളും ഹാജരാക്കേണ്ടതുണ്ട്.

കെവൈസി പ്രൂഫായി നിരവധി ഡോക്യുമെന്റുകളുടെ സ്വീകാര്യത കാരണം, ഒരു വ്യക്തിക്ക് ഒരേ സാമ്പത്തിക സ്ഥാപനത്തില്‍ നിന്നോ വ്യത്യസ്ത സ്ഥാപനങ്ങളില്‍ നിന്നോ വ്യത്യസ്ത സാമ്പത്തിക സേവനങ്ങള്‍ ലഭിക്കുന്നതിന് വ്യത്യസ്തമായ രേഖകള്‍ ഉപയോഗിക്കാന്‍ സ്വാതന്ത്ര്യമുണ്ട്.എന്നാല്‍ ഓരോ സ്ഥാപനങ്ങളിലും സേവനങ്ങള്‍ക്കായി സമീപിക്കുമ്പോള്‍ നമ്മള്‍ കെവൈസി നല്‍കികൊണ്ടിരിക്കണം. ഇന്ന് ബാങ്കിലാണെങ്കില്‍ നാളെ ഇന്‍ഷൂറന്‍സ് സ്ഥാപനത്തിലായിരിക്കാം. അപ്പപ്പോള്‍ നമ്മുടെ രേഖകളുടെ പകര്‍പ്പ് അവര്‍ക്ക് നല്‍കേണ്ടതുണ്ട്.എന്നാല്‍ ഈ ബുദ്ധിമുട്ട് ഒഴിവാക്കാനായി സികെവൈസി നടപ്പാക്കാനാണ് ആലോചന.

ഒരു ഉപഭോക്താവിന്റെ സാമ്പത്തിക സ്ഥാപനങ്ങളിലുള്ള വിവരങ്ങള്‍ ഒരൊറ്റ നമ്പറിലൂടെ അറിയാന്‍ സാധിക്കുമെന്നതാണ് സികെവൈസി നടപ്പായാലുള്ള ഗുണം. ആധാറും പാന്‍കാര്‍ഡും ലഭിച്ചാല്‍ മാത്രമേ നിലവില്‍ ഉപഭോക്താവിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുകയുള്ളൂ. ഇത് കുറച്ചുകൂടി കാര്യങ്ങള്‍ ലളിതമാക്കുമെന്നാണ് പറയുന്നത്. മറ്റ് ബാങ്കുകളില്‍ ഉപഭോക്താവിനുള്ള അക്കൗണ്ടിന്റെയും മറ്റും വിവരങ്ങള്‍ ഒരു ബാങ്കിന് അറിയാന്‍ സാധിക്കും. ഇത് ഉപഭോക്താക്കളെ സംബന്ധിച്ച് ഗുണമാണോ ദോഷമാണോ എന്ന കാര്യത്തില്‍ ചര്‍ച്ച നടക്കുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.