- Trending Now:
പാര്‍ക്കുകളില്‍ നേരിട്ടും അനുബന്ധ മേഖലകളിലുമായി വിവിധ തസ്തികകളില്‍ പതിനായിരകണക്കിനു തൊഴിലവസരങ്ങളാകും സൃഷ്ടിക്കുക
തൊഴില്‍ തേടുന്നവര്‍ക്കു മികച്ച സാധ്യതകളൊരുക്കി കേന്ദ്ര സര്‍ക്കാര്‍. കോവിഡില്‍ തളര്‍ച്ച വിപണികള്‍ക്കു പുതുജീവനേകാന്‍ പുതിയ പ്രഖ്യാപനങ്ങള്‍ ഉടനുണ്ടാകുമെന്നാണു റിപ്പോര്‍ട്ട്. രാജ്യത്തെ വസ്ത്രവ്യാപാര മേഖലയിലെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും പതിനായിരകണക്കിനു തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കേന്ദ്ര മന്ത്രിസഭ ഏഴ് ടെക്സ്റ്റൈല്‍ പാര്‍ക്കുകള്‍ക്ക് ഉടന്‍ അംഗീകാരം നല്‍കിയേക്കുമെന്നാണു റിപ്പോര്‍ട്ട്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏക്കറുകള്‍ പരന്നുകിടക്കുന്ന ഏഴ് മെഗാ ഇന്‍വെസ്റ്റ്മെന്റ് ടെക്സ്റ്റൈല്‍ പാര്‍ക്കുകള്‍ക്ക്(മിത്ര) അനുമതി നല്‍കാനാണ് കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രാലയത്തിന്റെ തീരുമാനമെന്ന് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി.
പാര്‍ക്കുകളില്‍ നേരിട്ടും അനുബന്ധ മേഖലകളിലുമായി വിവിധ തസ്തികകളില്‍ പതിനായിരകണക്കിനു തൊഴിലവസരങ്ങളാകും സൃഷ്ടിക്കുക. രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് കുറയ്ക്കാനും പദ്ധതി വഴിയൊരുക്കുമെന്നാണു വിലയിരുത്തല്‍. ഇന്ത്യന്‍ വസ്ത്ര വ്യാപാര മേഖലയെ രാജ്യാന്തരതലത്തില്‍ മുന്നോട്ടു കൊണ്ടുവരികയാണ് പ്രഥമ ലക്ഷ്യം. കയറ്റുമതി വഴി കൂടുതല്‍ വരുമാനം കണ്ടെത്താനും സാധിക്കും.
2021 ലെ ബജറ്റില്‍ പ്രഖ്യാപിച്ച ഈ മെഗാ ടെക്സ്റ്റൈല്‍ പാര്‍ക്കുകളില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങളും ഗതാഗത നഷ്ടം കുറയ്ക്കുന്നതിനുള്ള സൗകര്യങ്ങളും ഉറപ്പുവരുത്തും. രാജ്യാന്തര വിപണികളില്‍ ഇന്ത്യന്‍ തുണിത്തരങ്ങള്‍ക്കുള്ള സ്വീകാര്യത പാര്‍ക്കുകള്‍ക്കു മികച്ച നേട്ടമാകും. പാര്‍ക്കുകളിലേക്കുള്ള റോഡ് കണക്റ്റിവിറ്റിയും വൈദ്യുതി ലഭ്യതയും സംസ്ഥാനങ്ങള്‍ ഉറപ്പാക്കണം. ടെക്സ്റ്റൈല്‍ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) കൊണ്ടുവരുന്നതില്‍ മിത്ര പാര്‍ക്കുകള്‍ നിര്‍ണായക പങ്ക് വഹിക്കും.
ചികിത്സയ്ക്ക് പണം ഉടന്‍; രേഖകള്‍ ഒന്നുമില്ലാതെ ഒരു ലക്ഷം വരെ സര്‍ക്കാര്‍ നല്‍കും
... Read More
മനുഷ്യനിര്‍മ്മിത ഫൈബര്‍ വിഭാഗം(എം.എം.എഫ്) വസ്ത്രങ്ങള്‍, എം.എം.എഫ്. തുണിത്തരങ്ങള്‍, സാങ്കേതിക തുണിത്തരങ്ങളുടെ പത്ത് ഉല്‍പന്നങ്ങള്‍ എന്നിവയ്ക്കായി 10,683 കോടി രൂപയുടെ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പി.എല്‍.ഐ) പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. ഇത് ആഭ്യന്തര ഉല്‍പാദനവും കയറ്റുമതിയും വര്‍ധിപ്പിക്കും. ഈ വിഭാഗത്തിലുള്ള തുണിത്തരങ്ങളുടെ ഉല്‍പാദനത്തിനായി മേഖലയില്‍ 19,000 കോടി രൂപയുടെ പുതിയ നിക്ഷേപവും അഞ്ച് വര്‍ഷത്തിനുള്ളില്‍ മൂന്നു ലക്ഷം കോടി രൂപയുടെ അധിക വിറ്റുവരവും ആകര്‍ഷിക്കാന്‍ പദ്ധതി ഒരുങ്ങുന്നുണ്ട്. ബജറ്റില്‍ 1.97 ലക്ഷം കോടി രൂപ വകയിരുത്തിയിരിക്കുന്ന 13 വിഭാഗങ്ങള്‍ക്കുള്ള പി.എല്‍.ഐ. സ്‌കീമിന്റെ ഭാഗമാണിത്.
ഇതോടകം വസ്ത്ര വ്യാപാര മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ക്കാകും പദ്ധതി നേരിട്ട് പ്രയോജനം ചെയ്യുക. തമിഴ്നാട്ടിലെ നിക്ഷേപങ്ങള്‍ കേരളത്തിനും പരോക്ഷമായി ഗുണമാകുമെന്നാണു വിലയിരുത്തല്‍. തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും കയറ്റുമതിയില്‍ ലോകത്ത് ആറാം സ്ഥാനത്താണ് ഇന്ത്യ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.