- Trending Now:
കൊച്ചി: രാജ്യത്തെ പ്രമുഖ ടെലികോം ഓപ്പറേറ്ററായ വോഡഫോൺ ഐഡിയ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ മെറ്റയുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. മെറ്റയുടെ കീഴിലുള്ള വാട്സാപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവ ഉപയോഗിക്കുന്ന വി ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷിതവും വേഗമേറിയതുമായ ഡിജിറ്റൽ അനുഭവം ഉറപ്പാക്കാൻ സൈലൻറ് മൊബൈൽ വെരിഫിക്കേഷൻ സംവിധാനമാണ് കമ്പനി അവതരിപ്പിച്ചത്.
നെറ്റ്വർക്ക് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ആധികാരികത ഉറപ്പാക്കുന്ന ഈ സാങ്കേതികവിദ്യയിലൂടെ ഒടിപി അല്ലെങ്കിൽ പാസ്വേഡ് മാനുവലായി ടൈപ്പ് ചെയ്യാതെ തന്നെ ഉപഭോക്താക്കളുടെ മൊബൈൽ നമ്പർ പശ്ചാത്തലത്തിൽ വെരിഫൈ ചെയ്യപ്പെടും.
വി മൊബൈൽ നെറ്റ്വർക്ക് ഉപയോഗിച്ച് ഉപഭോക്താക്കൾ വാട്സാപ്പോ മറ്റ് മെറ്റാ ആപ്പുകളോ തുറക്കുമ്പോൾ ടെലികോം നെറ്റ്വർക്ക് നേരിട്ട് ഈ വെരിഫിക്കേഷൻ പ്രക്രിയ പൂർത്തിയാക്കുന്നു. പുതിയ അക്കൗണ്ട് രജിസ്ട്രേഷൻ, ലോഗിൻ, അക്കൗണ്ട് റിക്കവറി, സെക്യൂരിറ്റി ചെക്കുകൾ എന്നിവയിലെല്ലാം ഈ സുരക്ഷിത പാസ്വേഡ് രഹിത സേവനം ലഭ്യമാകും.
വ്യാജ അക്കൗണ്ടുകൾ വഴിയുള്ള ഡിജിറ്റൽ തട്ടിപ്പുകൾ, ഫിഷിംഗ് എന്നിവയിൽ നിന്ന് ഉപഭോക്താക്കൾക്ക് മികച്ച സുരക്ഷ നൽകാൻ ഈ സംവിധാനത്തിലൂടെ സാധിക്കുമെന്നും മെറ്റയുമായുള്ള ഈ സഹകരണം ഉപഭോക്താക്കളുടെ സൈബർ സുരക്ഷ വർദ്ധിപ്പിക്കും.
മെറ്റയുമായുള്ള പങ്കാളിത്തത്തിലൂടെ രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ ഉപഭോക്താക്കൾക്ക് തടസ്സങ്ങളില്ലാത്ത വെരിഫിക്കേഷൻ അനുഭവം നൽകുന്നതിനൊപ്പം തന്നെ സൈബർ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും തട്ടിപ്പുകൾക്കുള്ള സാധ്യത കുറയ്ക്കുന്നതിനുമുള്ള സൈലൻറ് മൊബൈൽ വെരിഫിക്കേഷൻ സംവിധാനമാണ് ഇതിലൂടെ സാധ്യമാക്കുന്നതെന്ന് വോഡഫോൺ ഐഡിയ ലിമിറ്റഡ് സിഇഒ അഭിജിത് കിഷോർ വ്യക്തമാക്കി.
ഉപഭോക്താക്കൾക്ക് വെരിഫിക്കേഷൻ പ്രക്രിയകൾ കൂടുതൽ ലളിതവും സുരക്ഷിതവുമാക്കുന്നതിൽ നെറ്റ്വർക്ക് അധിഷ്ഠിത ഓഥൻറിക്കേഷൻ ഒരു സുപ്രധാന ചുവടുവെപ്പാണെന്ന് മെറ്റ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും കൺട്രി ഹെഡുമായ അരുൺ ശ്രീനിവാസ് പറഞ്ഞു.
വരും ദിവസങ്ങളിൽ കൂടുതൽ ആപ്ലിക്കേഷനുകളിലേക്കും മറ്റ് പങ്കാളികളിലേക്കും തട്ടിപ്പ് തടയൽ സംവിധാനങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കാൻ വോഡഫോൺ ഐഡിയ പദ്ധതിയിടുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.