- Trending Now:
തിരുവനന്തപുരം: ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന 14-ാമത് ക്വിസ ചലച്ചിത്രോത്സവത്തിൻറെ (PQFF 2025) പുരസ്കാര വിതരണം ഡിസംബർ 6 ന് ടെക്നോപാർക്കിൽ നടക്കും.
ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർ പാർക്ക് എന്നിവിടങ്ങളിലെ ഐടി കമ്പനികളിൽ ജോലി ചെയ്യുന്ന ഐടി ജീവനക്കാർ നിർമ്മിച്ച 32 ഷോർട്ട് ഫിലിമുകളാണ് പുരസ്കാരത്തിനായി മത്സരിക്കുന്നത്. വൈകിട്ട് 6.30 ന് ട്രാവൻകൂർ ഹാളിൽ നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ നടനും എഴുത്തുകാരനുമായ മുരളി ഗോപി മുഖ്യാതിഥിയായിരിക്കും.
സംവിധായകരായ ഫാസിൽ മുഹമ്മദ്, സോഹൻലാൽ, നടി ബീന ആർ ചന്ദ്രൻ എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.
ചലച്ചിത്രോത്സവത്തിൻറെ ഭാഗമായി റീൽസ്, എഐ മൈക്രോഫിലിംസ് മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ജെൻ എഐ കഥാകൃത്ത് വരുൺ രമേശും സംവിധായിക വിധു വിൻസെൻറുമാണ് എഐ മൈക്രോഫിലിംസ് മത്സരത്തിൻറെ ജൂറി അംഗങ്ങൾ. നടൻമാരായ ജാസിം ഹാഷിം, ഷമീർ ഖാൻ, തിരക്കഥാകൃത്ത് മൃദുൽ ജോർജ് എന്നിവർ റീൽസ് മത്സരത്തിലെ വിജയികളെ തിരഞ്ഞെടുക്കും.
ഏറ്റവും മികച്ച ഹ്രസ്വചിത്രത്തിന് 20,000 രൂപയും മെമൻറോയും രണ്ടാമത്തെ മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥാകൃത്ത് എന്നിവർക്ക് 10,000 രൂപയും മെമൻറോയും സമ്മാനമായി ലഭിക്കും. മികച്ച നടൻ, നടി, ഛായാഗ്രാഹകൻ, എഡിറ്റർ എന്നിവർക്കും പ്രത്യേക പുരസ്കാരമുണ്ട്.
സംസ്ഥാന അവാർഡ് നേടിയ 'ഫെമിനിച്ചി ഫാത്തിമ' എന്ന സിനിമയുടെ പ്രദർശനം, അഭിനയ ശില്പശാല, ഫിലിം മേക്കിംഗ് വർക്ക് ഷോപ്പ് എന്നിവയടക്കം ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾ പ്രതിധ്വനി സംഘടിപ്പിച്ചിട്ടുണ്ട്. ഡിസംബർ 4 ന് വൈകുന്നേരം 6.30 ന് ടെക്നോപാർക്കിലെ ആംഫി തിയേറ്ററിൽ 'മാതവിലാസം' എന്ന നാടകവും ഡിസംബർ 5 ന് സംഗീത നിശയും അരങ്ങേറും. പ്രവേശനം സൗജന്യമാണ്.
വിശദവിവരങ്ങൾ: ഹരി എസ്, ഫെസ്റ്റിവൽ ഡയറക്ടർ- 97905 98958. ഇ-മെയിൽ: prathidhwani.qisa@gmail.com.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.