Sections

കെ-റൈസ് വിപണിയിൽ; ക്ഷേമ-വികസനത്തിൽനിന്നു സർക്കാർ പിന്നോട്ടില്ലെന്നതിന്റെ ദൃഷ്ടാന്തമെന്നു മുഖ്യമന്ത്രി

Thursday, Mar 14, 2024
Reported By Admin
K Race

സപ്ലൈകോ വഴി സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന ശബരി കെ-റൈസ് വിപണിയിൽ. കെ-റൈസ് വിപണിയിലെത്തിക്കുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പ്രതികൂല സാഹചര്യങ്ങളിലും ഒരൊറ്റ ക്ഷേമ-വികസന പദ്ധതിയിൽനിന്നും സംസ്ഥാന സർക്കാർ പിന്നോട്ടുപോകില്ലെന്നും ഈ നിലപാടിന്റെ ദൃഷ്ടാന്തമാണു ശബരി കെ-റൈസെന്നും മുഖ്യമന്ത്രി പറഞ്ഞു.

കമ്പോളത്തിൽ പല ബ്രാൻഡുകളോടും മത്സരിക്കുന്ന സപ്ലൈകോയുടെ ബ്രാൻഡിങ് പ്രധാനമാണെന്നതു മുൻനിർത്തിയാണു ശബരി കെ-റൈസ് എന്ന പ്രത്യേക ബ്രാൻഡിൽ അരി വിപണിയിലെത്തിക്കുന്നതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഉത്പന്നങ്ങൾക്കു മികച്ച വിപണിവില ലഭിക്കുന്നതിൽ ബ്രാൻഡിങിനു വലിയ പങ്കുണ്ട്. കിലായ്ക്കു 40 രൂപയോളം ചെലവഴിച്ചു സർക്കാർ വാങ്ങുന്ന ഈ അരി മട്ട, ജയ, കുറുമ ഇനങ്ങൽ 29/30 രൂപയ്ക്കു പൊതുജനങ്ങൾക്കു നൽകുകയാണ്. ഓരോ കിലോയ്ക്കും 10 മുതൽ 11 രൂപ വരെ സബ്സിഡി നൽകി ഫലപ്രദമായ വിപണി ഇടപെടലാണു സർക്കാർ ഉറപ്പാക്കുന്നത്. കെ-റൈസിനു പുറമേ സപ്ലൈകോ വിൽപ്പനശാലകൾ വഴി അഞ്ചു കിലോ അരി കൂടി പൊതുജനങ്ങൾക്കു ലഭിക്കും.

സംസ്ഥാനത്തിനു ലഭിച്ചുകൊണ്ടിരുന്ന പരിമിതമായ ഭക്ഷ്യധാന്യ വിഹിതംപോലും വെട്ടിക്കുറയ്ക്കുന്ന സാഹചര്യമാണു നിലനിൽക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതനു മുൻപ് 16,25000 മെട്രിക് ടൺ ഭക്ഷ്യധാന്യം കേരളത്തിനു ലഭിച്ചിരുന്നു. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയതോടെ വിഹിതം 14,25000 മെട്രിക് ടണ്ണായി കുറഞ്ഞു. ഇതിൽ 10,26000 മെട്രിക് ടൺ മുൻഗണനാ വിഭാഗത്തിനാണ് അനുവദിക്കുന്നത്. അതു കേരളത്തിൽ 43 ശതമാനം വരും. 57 ശതമാനം മുൻഗണനേതര വിഭാഗക്കാർക്കായി സംസ്ഥാനത്തിനുള്ള ഒരു മാസത്തെ അരി വിഹിതം 33294 മെട്രിക് ടണ്ണാണ്. ഈ പ്രതിമാസ സീലിങ് ഉള്ളതിനാൽ പ്രത്യേക ഉത്സവങ്ങൾ, ദുരന്തങ്ങൾ തുടങ്ങി കൂടുതൽ അരി നൽകേണ്ട സാഹചര്യങ്ങളിൽ നൽകാൻകഴിയാത്ത സ്ഥിതിയുണ്ടാക്കുന്നു. ഇത്തരമൊരു സാഹചര്യം വന്നപ്പോഴാണ് അതു മറികടക്കാൻ എഫ്സിഐ വഴി ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീമിൽ സംസ്ഥാനം പങ്കെടുത്ത്, സപ്ലൈകോ 29 രൂപ നിരക്കിൽ അരി വാങ്ങി 23-24 രൂപ നിരക്കിൽ വിതരണം ചെയ്തിരുന്നത്. ഇതു സംസ്ഥാനത്ത് അരിവില പിടിച്ചുനിർത്തുന്നതിനു വലിയ തോതിൽ സഹായിച്ചു. ഇപ്പോൾ അതും തടഞ്ഞിരിക്കുന്നു. ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീം ലേലത്തിൽ പങ്കെടുക്കാൻ കഴിയാത്തതരം നിബന്ധനകൾ ഇതിനായി മുന്നോട്ടുവച്ചു.

സപ്ലൈകോ മുഖേന 24 രൂപ നിരക്കിലും റേഷൻ കടകൾ വഴി 10.90 രൂപ നിരക്കിലും നൽകിയിരുന്ന അരി 'ഭാരത് റൈസ്'എന്ന പേരിൽ 29 രൂപ നിരക്കു നിശ്ചയിച്ച് ഇപ്പോൾ വിപണിയിലിറക്കുകയാണ്. 18.59 രൂപ നിരക്കിൽ വാങ്ങുന്ന ഈ അരിയാണ് 29 രൂപ നിരക്കു നിശ്ചയിച്ചു വിൽക്കുന്നത്. കേന്ദ്രം അരി വിതരണം നേരിട്ട് ഏറ്റെടുത്തതു ലാഭേച്ഛയും രാഷ്ട്രീയ ലാഭവും മുൻനിർത്തിയാണ്. അതേസമയം, കെ-റൈസ് 11 രൂപയോളം സബ്സിഡി നൽകിക്കൊണ്ടു സംസ്ഥാനം വിതരണം ചെയ്യുന്നത്. രണ്ടു സമീപനത്തിലെ വ്യത്യാസമാണ് ഇതിൽ കാണേണ്ടത്. രാജ്യത്തിനാകെ മാതൃകയായ പൊതുവിതരണ സമ്പ്രദായമാണു സംസ്ഥാനം സ്വീകരിച്ചുവരുന്നത്. അതു കൂടുതൽ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സപ്ലൈകോ മുഖേന വിലകുറച്ചു നൽകുന്ന 13 ഇനം നിത്യോപയോഗ സാധനങ്ങൾ വരുന്ന രണ്ടാഴ്ചകൊണ്ട് വിപണന കേന്ദ്രങ്ങളിൽ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ഏപ്രിൽ 13 വരെ വിവിധ നിത്യോപയോഗ സാധനങ്ങൾക്ക് വൻ വിലക്കിഴിവ് നല്കുന്ന 'ഗോൾഡൻ ഓഫർ' എന്ന പേരിലുള്ള പദ്ധതിയും സപ്ലൈകോ ആവിഷ്കരിച്ചിട്ടുണ്ട്. കേരളത്തിന്റെ ഭക്ഷ്യ, ധാന്യ വിപണിയിൽ ഫലപ്രദമായ ഇടപെടലുകളാണു സപ്ലൈകോ നടത്തിവരുന്നത്. സപ്ലൈകോയ്ക്കെതിരായി തെറ്റിധാരണ പരത്തുന്നതരത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ തിരിച്ചറിയണമെന്നും ഇക്കാര്യത്തിൽ ജനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ആദ്യ വിൽപ്പന നിർവഹിച്ചു. മേയർ ആര്യ രാജേന്ദ്രൻ, ആന്റണി രാജു എം.എൽ.എ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, കൗൺസിലർ പാളയം രാജൻ, സപ്ലൈകോ ജനറൽ മാനേജർ സൂരജ് ഷാജി, മേഖലാ മാനേജർ ജലജ ജി.എസ്. റാണി എന്നിവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.