Sections

ഹൗസ് ബോട്ട് ടൂറിസം; കോവിഡിന് പിന്നാലെ പ്രതിസന്ധികള്‍ ഒരുപാട്‌

Friday, Oct 21, 2022
Reported By admin
house boat kerala

കോവിഡിന് മുമ്പുള്ള നിരക്കുകളെക്കാള്‍ പകുതിയോ 30-40 ശതമാനം കുറവായ നിരക്കുകളിലോ ആണ് പലരും പാക്കേജുകള്‍ ലഭ്യമാക്കിയിട്ടുള്ളത്

 

സംസ്ഥാനത്തെ കായല്‍ ടൂറിസം മേഖല കോവിഡിലെ തകര്‍ച്ചകളില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുകയാണ്. വിദേശ ടൂറിസ്റ്റുകളുടെ വരവോടെ കേരളത്തിലെ ടൂറിസം മേഖലയിലാകെ ഉണര്‍വ് പ്രകടമാണ്. ഇന്റര്‍നാഷണല്‍ ഫ്‌ളൈറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതും നിയന്ത്രണങ്ങള്‍ മാറിയതും മറ്റ് മേഖലകളിലെ പോലെ കായല്‍ ടൂറിസം മേഖലയ്ക്കും കരുത്തുനല്‍കാന്‍ സഹായിച്ചിട്ടുണ്ട്. ഹൗസ്‌ബോട്ട് ടൂറിസം മേഖലയ്ക്ക് ഇന്ന് തിരിച്ചുവരവിന്റെ ദിനങ്ങളാണെന്ന് പറയാമെങ്കിലും വിലക്കയറ്റവും മറ്റ് ചില സാമ്പത്തിക പ്രതിസന്ധികളും വിനയാകുന്നുണ്ട്.

ഇടുക്കിയിലെ നീലക്കുറിഞ്ഞി വസന്തവും ദീപാവലി അവധിയും ഉത്തരേന്ത്യയില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രക്കാരുടെ ഒഴുക്ക് കൂട്ടിയിട്ടുണ്ട്. മൂന്നാര്‍ പാക്കേജുകള്‍  പലതും ആലപ്പുഴയിലെയും കുമരകത്തെയും ഹൗസ്‌ബോട്ട് യാത്രകള്‍ കോര്‍ത്തിണക്കിയാണ് വരുന്നതെന്ന് ടൂര്‍ ഓപ്പറേറ്റേഴ്‌സ് പറയുന്നു.എന്നാല്‍ ആളപ്പുഴയിലെ ഹൗസ്‌ബോട്ട് വ്യവസായ മേഖലയ്ക്ക് ഇത് പ്രത്യക്ഷത്തില്‍ ഉണര്‍വ് തോന്നുമെങ്കിലും പ്രതിസന്ധികള്‍ പാടെ ഒഴിവായെന്ന് പറയാനാകില്ലെന്ന് ഹൗസ്‌ബോട്ട് ഉടമകള്‍ പറയുന്നു.

സംസ്ഥാനത്ത് ദിനംപ്രതി വര്‍ദ്ധിക്കുന്ന വിലക്കയറ്റം തന്നെയാണ് പ്രധാന വില്ലന്‍. ഹൗസ്‌ബോട്ടുകളിലെ അടുക്കളകളിലേക്കെത്തുന്ന അവശ്യസാധനങ്ങളുടെയും പാചകവാതകത്തിന്റെയുമെല്ലാം നിരക്കുകള്‍ മുകളിലേക്കാണ്.ഒരു ദിവസവും രാത്രിയും ചേര്‍ന്നുള്‌ല ഓവര്‍നൈറ്റ് ക്രൂയിസിന് മീനും ചിക്കനും ഉള്‍പ്പെടെ ഒരു കുടുംബത്തിനായി വാങ്ങുന്ന സാധനങ്ങളുടെ വില 3000 ആയിരുന്നെങ്കില്‍ അരി വില അടക്കം വര്‍ദ്ധിച്ചതോടെ ഇപ്പോള്‍ അത് 4000 ആയി കുതിച്ചുയര്‍ന്നിരിക്കുകയാണ്. 

എസി ഹൗസ്‌ബോട്ടുകള്‍ക്ക് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനും ബോട്ടിന്റെ എന്‍ജിന് വേണ്ടി ഉപയോഗിക്കാനും ഡീസല്‍ ആവശ്യമാണ്.ഒരു ദിവസം 2700 രൂപയുടെ ഡീസല്‍ ആണ് വേണ്ടി വരുന്നത്.കോവിഡിന് മുന്‍പുള്ള നിലയെക്കാള്‍ ഇത് ഏകദേശം 30 ശതമാനത്തോളം അധികമാണ്.ഇത്തരത്തില്‍ എസി അല്ലാത്ത ബോട്ടുകള്‍ക്കും ചെലവുകള്‍ ഏറെ വര്‍ദ്ധിച്ചിരികകുന്നു.എസി ഹൗസ്‌ബോട്ടുകള്‍ക്കാണ് നിലവില്‍ ഡിമാന്റ് ഏറെയും.

കോവിഡിന് ശേഷം ടൂറിസം ഹൗസ്‌ബോട്ട് മേഖലയ്ക്ക് വന്ന ക്ഷീണത്തോടെ നിര്‍ബന്ധിതമായി പാക്കേജുകളുടെ നിരക്ക് താഴ്ത്തലിന് സംരംഭകര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. കോവിഡിന് മുമ്പുള്ള നിരക്കുകളെക്കാള്‍ പകുതിയോ 30-40 ശതമാനം കുറവായ നിരക്കുകളിലോ ആണ് പലരും പാക്കേജുകള്‍ ലഭ്യമാക്കിയിട്ടുള്ളത്.ഇത് മേഖലയില്‍ കടുത്ത മത്സരത്തിന് വഴിയൊരുക്കിയിട്ടുണ്ട്.

ലോണെടുത്തും കടം വാങ്ങിയും ഇന്‍വെസ്റ്റ് ചെയ്തിട്ടുള്ള ബോട്ട് ഉടമകളാണ് ഏറെയും ഉയര്‍ന്ന പ്രവര്‍ത്തന ചെലവ് കൂടിയാകുമ്പോള്‍ മേഖലയില്‍ പ്രതിസന്ധി നീങ്ങി എന്ന് പറയാനാകില്ലെന്നും അതീവ ബുദ്ധിമുട്ടിലേക്കാണ് പോകുന്നതെന്നും ഉടമകള്‍ വിലപിക്കുന്നു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.