Sections

അടുത്ത വർഷത്തോടെ 4,500 ഫാർമസിസ്റ്റുകൾക്ക് തൊഴിലവസരം; പൊതുജനാരോഗ്യ റീട്ടെയിൽ രംഗത്ത് 15 വർഷം പൂർത്തിയാക്കി എച്ച്എൽഎൽ

Saturday, Sep 26, 2026
Reported By Admin
HLL Lifecare Targets 600 Pharmacies and 4,500 Jobs

തിരുവനന്തപുരം: വരും വർഷത്തോടെ ഔട്ട്ലെറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ച് 4,500 ഫാർമസിസ്റ്റുകൾക്ക് തൊഴിലവസരം നൽകാൻ ലക്ഷ്യമിട്ട് എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ്. ലോക ഫാർമസിസ്റ്റ് ദിനാചരണത്തിൽ പൊതുജനാരോഗ്യ റീട്ടെയിൽ രംഗത്ത് 15 വർഷം പൂർത്തിയാക്കുന്ന അവസരത്തിലാണ് എച്ച്എൽഎൽ ഇക്കാര്യം വ്യക്തമാക്കിയത്.

2011 സെപ്റ്റംബർ 26 ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിച്ച എച്ച്എൽഎല്ലിൻറെ ആദ്യ റീട്ടെയിൽ ഔട്ട്ലെറ്റായ ലൈഫ്കെയർ സെൻററിലൂടെയാണ് റീട്ടെയിൽ രംഗത്തേക്ക് എച്ച്എൽഎൽ ചുവടുവെച്ചത്. പിന്നീടിത് 'എച്ച്എൽഎൽ ഫാർമസി ആൻഡ് സർജിക്കൽസ്' എന്ന് പുനർനാമകരണം ചെയ്തു. ഈ ഫാർമസി ശൃംഖല ഇന്ന് രാജ്യവ്യാപകമായി 340 ലധികം കേന്ദ്രങ്ങളിലൂടെ കോടിക്കണക്കിന് രോഗികൾക്ക് കുറഞ്ഞ നിരക്കിൽ മരുന്നുകൾ എത്തിക്കുന്നുണ്ട്.

നിലവിൽ 863 വനിതാ ഫാർമസിസ്റ്റുകൾ ഉൾപ്പെടെ 2,000-ത്തോളം ഫാർമസിസ്റ്റുകൾ എച്ച്എൽഎൽ ഫാർമസി ശൃംഖലയിൽ സേവനം അനുഷ്ഠിക്കുന്നു. അടുത്ത വർഷത്തിനുള്ളിൽ ഔട്ട്ലെറ്റുകളുടെ എണ്ണം 600 ആയി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. എച്ച്എൽഎല്ലിൻറെ 340 ഫാർമസികളിൽ 20 എണ്ണം എച്ച്എൽഎൽ ഫാർമസി ആൻഡ് സർജിക്കൽസ് ആണ്. ഇതിനുപുറമേ ഫ്രീജനറിക് സ്റ്റോറുകൾ, എച്ച്എൽഎൽ ഒപ്റ്റിക്കൽസ്, അമൃത് ഫാർമസി, അമൃത് ഒപ്റ്റിക്കൽസ് എന്നീ ഔട്ട്ലെറ്റുകളും പ്രവർത്തിക്കുന്നുണ്ട്.

ദേശീയ മിനറൽ ഡെവലപ്മെൻറ് കോർപ്പറേഷൻ, കോൾ ഇന്ത്യ ലിമിറ്റഡ്, ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡ് തുടങ്ങിയ കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ ആശുപത്രികൾ, പോർട്ട് ട്രസ്റ്റ് ആശുപത്രികൾ എന്നിവയുമായി സഹകരിച്ചാണ് എച്ച്എൽഎൽ റീട്ടെയിൽ രംഗത്ത് പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങുന്നത്. രാജ്യത്തിൻറെ ഉൾപ്രദേശങ്ങളിൽ പോലും ജീവൻരക്ഷാമരുന്നുകളും ആരോഗ്യഉൽപ്പന്നങ്ങളും എത്തിക്കുകയാണ് എച്ച്എൽഎല്ലിൻറെ ലക്ഷ്യം.

സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ഗുണനിലവാരമുള്ള കണ്ണടകളും ഒഫ്താൽമിക് ഉൽപ്പന്നങ്ങളും എച്ച്എൽഎൽ ഒപ്റ്റിക്കൽസിലൂടെ വിതരണം ചെയ്യുന്നു. എച്ച്എൽഎല്ലിൻറെ റീട്ടെയിൽ യാത്രയിലെ പ്രധാനപ്പെട്ട അധ്യായങ്ങളിലൊന്നാണ് അമൃത് പദ്ധതി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൻറെ കീഴിൽ 2015-ൽ ആരംഭിച്ച അമൃത് ഫാർമസിയിലൂടെ കാൻസർ, ഹൃദ്രോഗങ്ങൾ തുടങ്ങിയ ഗുരുതര രോഗങ്ങൾക്കുള്ള ജീവൻരക്ഷാ മരുന്നുകൾ വിപണിവിലയേക്കാൾ ശരാശരി 50% വരെ വിലക്കുറവിലാണ് ലഭ്യമാക്കുന്നത്.

6500-ലധികം മരുന്നുകൾ, ഇംപ്ലാൻറുകൾ, ശസ്ത്രക്രിയാ ഉപകരണങ്ങൾ എന്നിവ ഇവിടെ ലഭ്യമാണ്. 2015 നവംബറിൽ ഡൽഹി എയിംസിലാണ് ആദ്യ അമൃത് ഫാർമസി പ്രവർത്തനം ആരംഭിച്ചത്. നിലവിൽ 24 സംസ്ഥാനങ്ങളും 4 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 285 അമൃത് ഔട്ട്ലെറ്റുകൾ പ്രവർത്തിക്കുന്നു. ഇതുവരെ 8.13 കോടിയിലധികം രോഗികൾക്ക് അമൃത് സേവനം ലഭിച്ചു. ഏകദേശം 22,323 കോടി രൂപ എം.ആർ.പി വിലയുള്ള മരുന്നുകളും ആരോഗ്യ ഉൽപ്പന്നങ്ങളും വിതരണം ചെയ്തതിലൂടെ രോഗികൾക്ക് ആകെ 10,969 കോടി രൂപയുടെ സാമ്പത്തികലാഭം ഉറപ്പാക്കാനായി.

റീട്ടെയിൽ എന്നത് എച്ച്എൽഎല്ലിനെ സംബന്ധിച്ച് കേവലം മരുന്നുവിൽപ്പനയല്ലെന്നും താങ്ങാനാവുന്ന വിലയിൽ അവശ്യ ആരോഗ്യസേവനങ്ങൾ പരമാവധി ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണെന്നും എച്ച്എൽഎൽ ടെക്നിക്കൽ ആൻഡ് ഓപ്പറേഷൻസ് ഡയറക്ടർ ബെന്നി ജോസഫ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒരു ഫാർമസിയുമായി തുടങ്ങിയ ഈ മുന്നേറ്റം ഇന്ന് വലിയൊരു പൊതുജനാരോഗ്യ റീട്ടെയിൽ ശൃംഖലയായി വളർന്നതിൽ ഫാർമസിസ്റ്റുകളുടെ പങ്ക് വലുതാണ്. ഈ സേവന മനോഭാവത്തോടെ കമ്പനി രാജ്യത്തെ കൂടുതൽ സമൂഹങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.