Sections

ബിറ്റ്‌കോയിന്‍ ഒരു കരുതല്‍ ആസ്തിയായി മാറിയോ?

Sunday, Mar 20, 2022
Reported By Admin
bitcoin

വികേന്ദ്രീകൃതമായതിനാല്‍ ബിറ്റ്‌കോയിന്‍ പോലുള്ള ക്രിപ്റ്റോകറന്‍സികള്‍ക്ക് ധാരാളം സാധ്യതകളുണ്ടെന്ന് വിലയിരുത്തപ്പെടുന്നു

 

കറന്‍സികളോ മറ്റെന്തെങ്കിലും തരത്തിലുളള ആസ്തികളോ കരുതല്‍ ആസ്തികള്‍ എന്ന ഗണത്തില്‍ പെടുത്താം. ആഗോള സമ്പദ്വ്യവസ്ഥയില്‍ അന്താരാഷ്ട്ര പേയ്മെന്റുകള്‍ക്കും നിക്ഷേപങ്ങള്‍ക്കും മറ്റ് വിവിധാവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന സ്വര്‍ണ്ണമോ വെള്ളിയോ പോലുള്ള മറ്റ് ആസ്തികളെല്ലാം തന്നെ കരുതല്‍ ആസ്തികളാണ്. നിലവില്‍, ഏറ്റവും അധികം ഉപയോഗത്തിലുളള കരുതല്‍ കറന്‍സികളിലൊന്ന് യുഎസ് ഡോളറാണ്. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് റിപ്പോര്‍ട്ട് പ്രകാരം, വിദേശ ബാങ്ക് കരുതല്‍ ശേഖരത്തിന്റെ ഏകദേശം 59 ശതമാനവും നിലവില്‍ യുഎസ് ഡോളറിലാണെന്ന് കാണാം.

സ്വിസ് ആഗോള നിക്ഷേപ ബാങ്കായ ക്രെഡിറ്റ് സ്യൂസ് (Credit Suisse), ലോക സമ്പദ് വ്യവസ്ഥയില്‍ ആസന്നവും സമൂലവുമായ മാറ്റം പ്രവചിക്കുന്ന ഒരു റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തിറക്കി. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ കുതിച്ചുയരുന്ന പണപ്പെരുപ്പവും കിഴക്ക് ഉക്രെയ്ന്‍-റഷ്യ യുദ്ധത്തെ തുടര്‍ന്ന് ഉടലെടുത്ത ഭൗമരാഷ്ട്രീയ സംഘര്‍ഷവും കണക്കിലെടുക്കുമ്പോള്‍, ആഗോളതലത്തില്‍ ഒരു പുതിയ പണക്രമം (new monetary order) ഉയര്‍ന്നുവരുമെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. അതില്‍ ബിറ്റ്‌കോയിന്‍ ഒരു  ഗുണഭോക്താവാകാനുളള സാധ്യത ക്രെഡിറ്റ് സ്യൂസ് റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്നു. കരുതല്‍ ആസ്തികള്‍ എന്നതിന്റെ നിര്‍വചനം ബിറ്റ്‌കോയിന്‍ മാറ്റിയെഴുതിയേക്കാം.

ഇന്ന്, പണപ്പെരുപ്പം, ദുര്‍ബലമായ വാങ്ങല്‍ ശേഷി, അന്താരാഷ്ട്ര മത്സരം എന്നിവ ഉള്‍പ്പെടെ, സംഭരിച്ചിരിക്കുന്ന കരുതല്‍ ആസ്തികളുടെ മൂല്യത്തില്‍ രാജ്യങ്ങളും സ്ഥാപനങ്ങളും നിരവധി ഭീഷണികള്‍ നേരിടുന്നു. അപൂര്‍വമായതും മൂന്നാം കക്ഷി ശക്തികള്‍ക്ക് സ്വാധീനിക്കാനാകാത്തതുമായ ഇതര കരുതല്‍ ആസ്തികളാണ് ഇപ്പോള്‍ തേടുന്നത്. വികേന്ദ്രീകൃതമായതിനാല്‍ ബിറ്റ്‌കോയിന്‍ പോലുള്ള ക്രിപ്റ്റോകറന്‍സികള്‍ക്ക് ധാരാളം സാധ്യതകളുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ട്രാന്‍സാങ്ഷന്‍ ഡാറ്റ സംഭരിക്കുന്നതിനുളള ഒരു വികേന്ദ്രീകൃത സംവിധാനമാണ് ബിറ്റ്‌കോയിന്‍ അനുവര്‍ത്തിക്കുന്നത്. 

ഒരു പബ്ലിക് ലെഡ്ജര്‍ അല്ലെങ്കില്‍ ഡാറ്റാബേസിലെ ബ്ലോക്കുകളിലാണ് ഡാറ്റ സംഭരണം നടക്കുന്നത്. ഡാറ്റാബേസില്‍ സംഭവിക്കുന്ന മാറ്റങ്ങളും പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്ന ഒരു കേന്ദ്രീകൃത അതോറിറ്റിയും ഇല്ലെന്നാണ് ഇതിനര്‍ത്ഥം. പകരം, ബിറ്റ്കോയിന്‍ ബ്ലോക്ക്ചെയിനിലെ ഇടപാട് ഡാറ്റ, ഒരു നെറ്റ് വര്‍ക്ക് പരിശോധിച്ചുറപ്പിക്കുന്നു.ഇതിനര്‍ത്ഥം ഡാറ്റാബേസിലെ എന്തെങ്കിലും മാറ്റങ്ങളും പ്രവര്‍ത്തനങ്ങളും നെറ്റ്വര്‍ക്കിലെ എല്ലാ നോഡുകളും പരിശോധിച്ചുറപ്പിക്കുകയും അംഗീകരിക്കുകയും വേണം.  ഇത് ബിറ്റ്‌കോയിന്റ ബ്ലോക്ക്‌ചെയിന്‍ ഘടനയെ സുരക്ഷിതവും സ്ഥിരതയുളളതുമാക്കുന്നു. ഇതിനാല്‍ ഒരു കരുതല്‍ ആസ്തി എന്ന നിലയില്‍ ബിറ്റ്‌കോയിന്‍ മൂന്നാം കക്ഷികളുടെ നിയന്ത്രണമെന്ന ഘടകത്തെ നീക്കം ചെയ്യും.  പ്രധാനമായും കറന്‍സിയില്‍ തന്നെ അവരുടെ സ്വാധീനം ഇല്ലാതാക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.