- Trending Now:
ഹൈദരാബാദ്: കോൾ ഇന്ത്യ ലിമിറ്റഡ്, സിംഗറേണി കോളിയറീസ് കമ്പനി ലിമിറ്റഡ്, ഹാർട്ട്ഫുൾനെസ്സ് എന്നിവർ ചേർന്ന് ഉപേക്ഷിക്കപ്പെട്ട ഖനികളുടെ പുനഃസ്ഥാപനത്തിനും സുസ്ഥിരമായ ഉപജീവനമാർഗങ്ങൾ ഉറപ്പാക്കുന്നതിനും കേന്ദ്ര കൽക്കരി - ഖനി മന്ത്രാലയം പ്രഖ്യാപിച്ച രണ്ട് ധാരണാ പത്രങ്ങളിൽ ഒപ്പുവച്ചു.
ഹൈദരാബാദിൽ ഹാർട്ട്ഫുൾനെസ്സിന്റെ ആസ്ഥാനമായ ശാന്തിവനത്തിൽ ഇന്ന് നടന്ന ചടങ്ങിൽ കേന്ദ്ര കൽക്കരി - ഖനി മന്ത്രി ജി കിഷൻ റെഡ്ഡി, സഹമന്ത്രി ശ്രീ സതീഷ് ചന്ദ്ര ദുബെ, കോൾ ഇന്ത്യ ലിമിറ്റഡ്, എസ്സിസിഎൽ, ഹാർട്ട്ഫുൾനെസ്സ് എന്നീ സ്ഥാപനങ്ങളുടെ സീനിയർ മാനേജ്മെൻറ് പ്രതിനിധികളും പങ്കെടുത്തു.
ഹാർട്ട്ഫുൾനെസ്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിഭവ ശേഷി ഉപയോഗിച്ച് റീക്ലെയിം (RECLAIM) സംരംഭവുമായി ചേർന്ന് ഖനികൾ അടച്ചിട്ട സ്ഥലങ്ങൾ വീണ്ടെടുക്കുക, പച്ചപ്പ് കൊണ്ടുവരിക, അവിടെ നല്ല രീതിയിൽ ആവാസ വ്യവസ്ഥ വികസിപ്പിക്കുക തുടങ്ങിയവയാണ് ധാരണാ പത്രങ്ങളുടെ ഉദ്ദേശം.
ഉപേക്ഷിക്കപ്പെട്ട ഖനികൾക്കു മുകളിൽ ഉപയോഗപ്രദമായ ഒരു പച്ചപ്പ് സൃഷ്ടിക്കാനും പുറന്തള്ളപ്പെടുന്ന ഹാനികരമായ വാതകങ്ങൾ നിയന്ത്രിച്ച് വേർതിരിക്കാനും മണ്ണിന്റെ പാളികൾ വീണ്ടെടുത്ത് നിറയ്ക്കാനും ഇത്തരം പ്രദേശങ്ങളിൽ സുസ്ഥിരമായ ഒരു ആവാസവ്യവസ്ഥ പുനഃസൃഷ്ടിക്കാനും ഹാർട്ട്ഫുൾനെസ്സ് ഇൻസ്റ്റിറ്റ്യൂട്ട് ആവശ്യമായ സാങ്കേതികവിദ്യയും വിഭവങ്ങളും പ്രദാനം ചെയ്യും. ഇത്തരം ഖനികൾക്ക് ചുറ്റും ജീവിക്കുന്നവർക്കും ഉപജീവനത്തിനായി ഖനനത്തെ ആശ്രയിക്കുന്നവർക്കും പുതിയ ജീവനോപാധികൾ സൃഷ്ടിക്കുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ട്.
കേന്ദ്ര കൽക്കരി - ഖനി മന്ത്രി ജി കിഷൻ റെഡ്ഡി പറഞ്ഞു, 'ഇന്ത്യൻ സാഹചര്യത്തിനനുസരിച്ച് രൂപകൽപ്പന ചെയ്തിട്ടുള്ള പ്രവർത്തനക്ഷമമായ ഉപകരണങ്ങൾ, ടെംപ്ലേറ്റുകൾ, ഈ മേഖലകളിൽ പരീക്ഷിച്ചു വിജയിച്ച രീതികൾ എന്നിവയാണ് റിക്ലേമിന്റെ ചട്ടക്കൂടിനെ പിന്തുണയ്ക്കുന്നത്. ലിംഗഭേദമില്ലാതെയുള്ള സ്വീകാര്യത, ദുർബല വിഭാഗങ്ങളുടെ പ്രാതിനിധ്യം, പഞ്ചായത്തീരാജ് സ്ഥാപനങ്ങളുമായി ചേർന്നുള്ള പ്രവർത്തനം എന്നിവയ്ക്ക് പ്രത്യേക ഊന്നൽ നൽകുന്നുണ്ട്. ഏറ്റവും ശാസ്ത്രീയവും സുസ്ഥിരവുമായ രീതിയിൽ ഖനികൾ അടച്ചുപൂട്ടുകയും ഖനന സ്ഥലങ്ങളിൽ സാമ്പത്തികവും പാരിസ്ഥിതികവുമായ മൂല്യങ്ങൾ പാലിക്കപ്പെടുകായും ചെയ്യുന്നുവെന്നു സർക്കാർ ഉറപ്പുവരുത്തുമെന്ന്.'
ഹാർട്ട്ഫുൾനെസ്സ് മാർഗദർശിയും ശ്രീരാം ചന്ദ്ര മിഷന്റെ പ്രസിഡന്റുമായ ദാജി പറഞ്ഞു, ''അടയ്ക്കപ്പെട്ട ഖനികൾക്ക് പുതുജീവൻ നൽകാൻ ഹാർഫുൾനെസിന് ലഭിച്ച ഒരു അവസരമാണിത്. പ്രകൃതിയുടെ ഉദാരത ഖനനത്തിലൂടെ ശുഷ്കമാകുന്നതുകൊണ്ട് നമ്മുടെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് പ്രകൃതിക്ക് തിരിച്ചു നൽകേണ്ടതിന്റെ ഉത്തരവാദിത്വം നമുക്കുണ്ട്. ജീവനോപാധികൾ സൃഷ്ടിച്ചു കൊണ്ടുള്ള വീണ്ടെടുപ്പ്, പുനരുദ്ധാനം, ദീർഘകാല സാമൂഹിക സാമ്പത്തിക വളർച്ച എന്നിവ ഉറപ്പാക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും.'
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.