- Trending Now:
കൊച്ചി: ലോകത്തിലെ അഞ്ചാമത്തെ വലിയ ജ്വവലറി ഗ്രൂപ്പും സിഎസ്ആർ മേഖലയിൽ ഇന്ത്യയിലെ മുൻനിരക്കാരുമായ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ ഹംഗർ ഫ്രീ വേൾഡ് കാമ്പയിൻ എത്യോപ്യയിലേക്കും വ്യാപിപ്പിക്കുന്നു. ദുബായ് ഗോൾഡ് സൂക്കിലെ മലബാർ ഇന്റർനാഷണൽ ഹബ്ബിൽ നടന്ന ചടങ്ങിൽ മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ അബ്ദുൾ സലാം കെ.പി. ദുബായിലെ എത്യോപ്യ കോൺസൽ ജനറൽ അസ്മെലാഷ് ബെക്കെലെയ്ക്ക് ലെറ്റർ ഓഫ് ഇന്റന്റ് കൈമാറി.
ഇന്ത്യയിലും സാംബിയയിലും ഏറെ ശ്രദ്ധ കൈവരിച്ചതിനു പിന്നാലെയാണ് എത്യോപ്യയിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുന്നത്. മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ ഏറ്റവും ശ്രദ്ധേയമായ ഇഎസ്ജി - പരിസ്ഥിതി, സാമൂഹിക, ഭരണനിർവഹണം സംരംഭങ്ങളിൽ ഒന്നാണ് ഹംഗർ ഫ്രീ വേൾഡ്. നിലവിൽ ആഗോള തലത്തിൽ 119ഓളം സ്ഥലങ്ങളിൽ നിത്യേന 1,15,000 പേർക്കാണ് പദ്ധതി പ്രകാരം ഭക്ഷണം നൽകുന്നത്. സാംബിയയിലെ മൂന്ന് സ്കൂളുകളിലായി 2024 മേയ് മുതൽ ഒൻപത് ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തിട്ടുണ്ട്. ഇത് ഫലം കണ്ടതിനെ തുടർന്നാണ് എത്യോപിയയിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കുന്നത്. മാതാപിതാക്കളെയും അധ്യാപകരെയും പ്രാദേശിക അധികാരികളെയം ഉൾപ്പെടുത്തി സ്കൂളുകൾ, വിതരണക്കാർ, മറ്റു പങ്കാളികൾ എന്നിവരുമായി സഹകരിച്ച് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യും. പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ ഓറോമിയാ പ്രദേശത്തുള്ള ആദാമ സിറ്റിയിലെ ഏകദേശം 11,000 കുട്ടികൾ പഠിക്കുന്ന അഞ്ച് സ്കൂളുകളുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. സ്കൂൾ ഭക്ഷണ പദ്ധതിയ്ക്ക് പുറമെ സ്കോളർഷിപ്പുകൾ, മെന്റർഷിപ് പ്രോഗ്രാമുകൾ, ഡിജിറ്റൽ വിദ്യാഭ്യാസം, ലൈബ്രറി തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളും എത്യോപിയയിൽ നടപ്പിലാക്കും.
ഇന്ത്യയിൽ നിയമപരമായി നിർബന്ധിതമാക്കിയ സി.എസ്.ആർ വിഹിതത്തിന്റെ ഇരട്ടിയിലധികം തുക, അതായത് ലാഭത്തിന്റെ അഞ്ച് ശതമാനം സ്ഥിരമായി നിക്ഷേപിക്കുന്നതിലൂടെ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് സിഎസ്ആറിന്റെ വ്യാപ്തിയും ആത്മാർത്ഥതയും പുനർനിർവചിക്കുകയാണ്. ബ്രാൻഡിന്റെ സാന്നിധ്യമുള്ള എല്ലാ രാജ്യങ്ങളിലും കമ്പനിയുടെ ലാഭത്തിന്റെ അഞ്ച് ശതമാനം അതത് രാജ്യങ്ങളിലെ സിഎസ്ആർ/ ഇഎസ്ജി പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നുണ്ട്.
ഉത്തരവാദിത്തമുള്ള ഒരു ജ്വല്ലറി എന്ന നിലയിൽ ബിസിനസിനേക്കാളുപരി തങ്ങൾ നിലനിൽക്കുന്ന സമൂഹത്തിനോടുള്ള കടമ നിറവേറ്റുന്നതാണ് ഇത്തരം പദ്ധതികളെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. എത്യോപ്യൻ സർക്കാരുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നതോടെ അടുത്ത രണ്ട് വർഷത്തിനുള്ളിൽ 8.64 ലക്ഷം ഡോളറിന്റെ നിക്ഷേപം നടത്താനാണ് ബ്രാൻഡിന്റെ തീരുമാനം. 2026ന്റെ അവസാനത്തോടെ 10,000 കുട്ടികൾക്ക് പ്രതിദിനം പോഷകസമൃദ്ധമായ ഭക്ഷണം നൽകാനും വിദ്യാഭ്യാസ രംഗത്ത് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടും പട്ടിണി അനുഭവിക്കുന്ന മനുഷ്യരുടെ വിശപ്പിനെ അകറ്റുക, വിദ്യാഭ്യാസ മേഖലയിൽ സമത്വം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി എത്യോപ്യയിലേക്കും വ്യാപിപ്പിക്കുന്നതെന്ന് മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി അബ്ദുൽസലാം പറഞ്ഞു.
ഐക്യരാഷ്ട്ര സഭയുടെ സസ്റ്റൈനബിൾ ഡെവെലപ്മെന്റ് ഗോളുകളെ പിന്തുണയ്ക്കുന്നതാണ് ഹംഗർ ഫ്രീ വേൾഡ് പദ്ധതി. പ്രത്യേകിച്ച് സീറോ ഹംഗർ, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ലിംഗസമത്വം തുടങ്ങിയവയ്ക്ക് ഊന്നൽ നൽകുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.